25 April Thursday

ചാരായം വാറ്റ്‌: സേവാഭാരതിക്കാരും യൂത്ത് കോൺഗ്രസുകാരനുമടക്കം ആറുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020

നെടുമ്പാശേരി/പള്ളുരുത്തി/മരട് > ചാരായം വാറ്റുന്നതിനിടെ ആറുപേർ വിവിധയിടങ്ങളിൽ പിടിയിലായി. രണ്ടുപേർ സേവാഭാരതി പ്രവർത്തകരും ഒരാൾ യൂത്ത് കോൺഗ്രസുകാരനുമാണ്. നെടുമ്പാശേരിയിൽ സേവാഭാരതിയുടെ പ്രവർത്തകരായ രണ്ടുപേർ ചാരായം വാറ്റുന്നതിനിടെ എക്സൈസ് പിടിയിലായി. അകപ്പറമ്പ് ചെറിയ വാപ്പാലശേരി ചക്കരപ്പറമ്പിൽ സന്തോഷ് (48) കാഞ്ഞിലി ശങ്കരൻ (60) എന്നിവരെയാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. സന്തോഷിന്റെ വീട്ടിൽനിന്ന് 50 ലിറ്റർ വാഷും അഞ്ചു ലിറ്റർ ചാരായവും  വാറ്റുന്നതിനുള്ള ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.

പള്ളുരുത്തിയിൽ ചാരായം വാറ്റുന്നതിനിടെ യൂത്ത് കോൺഗ്രസ് മുൻ നേതാവടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി  ഇടക്കൊച്ചി തുണ്ടിപറമ്പിൽ ടി ജെ ടെക്സൺ (39), കണ്ണങ്ങാട്ട് റോഡിൽ ഉത്രാടം വീട്ടിൽ രഞ്ജിത്ത് (36), തേക്കൂട്ട് വീട്ടിൽ ടി കെ സുധീർ (45) എന്നിവരാണ് പിടിയിലായത്. പ്രതികളിൽനിന്ന് ഒരു ലിറ്റർ കോട, 400 മില്ലിലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.

മരടിൽ കൂട്ടുകാരുമായി വീടിനുള്ളിൽ ചാരായം വാറ്റിയ ബിടിസി ജങ്‌ഷൻ ഒറ്റപ്ലാക്കിൽ മാത്യു ചാക്കോയെ (52) തൃപ്പൂണിത്തുറ എക്സൈസ് അറസ്റ്റ്‌ ചെയ്തു. ഒരു ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. യൂട്യൂബിൽനിന്ന്‌ പഠിച്ചാണ് വാറ്റ് നടത്തിയതെന്ന്‌ അമേരിക്കൻ പൗരത്വമുള്ള മാത്യു ചാക്കോ പറഞ്ഞതായി എസ്ഐ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top