ഹരിപ്പാട് > കാർത്തികപ്പള്ളി ചേപ്പാട് വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെത്തി. വ്യാജ മദ്യം നിർമിച്ച് 500 എംഎൽ കുപ്പികളിലാക്കി സ്‌റ്റിക്കറും ഹോളോഗ്രാമും പതിപ്പിച്ച് വിൽപ്പന നടത്തിയിരുന്ന കേന്ദ്രമാണ് എക്‌സെസ് കണ്ടെത്തിയത്. 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കർ പതിച്ച് സൂക്ഷിച്ചിരുന്ന 783 കുപ്പി വ്യാജമദ്യവും പടികൂടി. സംഭവത്തിൽ ചേപ്പാട് റെയിൽവേ ജങ്‌ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുതീന്ദ്രലാൽ (47)നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുമാരപുരം എരിയ്ക്കാവ് പോച്ചത്തറയാണ് ഇയാളുടെ സ്വദേശം. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഒരു മാസമായി ഇയാൾ എകസൈസ് നിരീക്ഷണത്തിലായിരുന്നു. പ്രാദേശിക മദ്യ വിൽപ്പനക്കാർ വഴിയാണ് മദ്യം വിറ്റിരുന്നത്.
വീടിന്റെ മുകളിലെ നിലയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ ബ്ലേഡിങ്, ബോട്ടിലിങ് യൂണിറ്റുകളടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര, 5000 കാലി ബോട്ടിലുകൾ, 40 കാലി കന്നാസുകൾ, ബ്ലെന്റിങ് ടാങ്ക്, മോട്ടർ, മദ്യത്തിന് നിറം നൽകുന്ന കരാമൽ എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഡാഡി വിൽസൺ, ഒയാസിസ് ക്ലാസിക് തുടങ്ങിയ ബ്രാൻഡുകളുടെ ബോട്ടിലുകളാണ് കണ്ടെത്തിയത്. രണ്ട് ദിവസം മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിന് വേണ്ടിയാണ് ഇത്രയധികം കുപ്പികൾ തയ്യാറാക്കി വെച്ചിരുന്നത്. ആലപ്പുഴ എക്സൈസ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്കോഡ് സി ഐ മഹേഷ്, പ്രിവന്റിവ് ഓഫീസർമാരായ ഗോപകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റെനി, ദിലീഷ്, സന്തോഷ്, ശ്രീജിത്ത്, രശ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിങ്കൾ(ഇന്ന്) കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..