26 April Friday

ഇടുക്കി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022


തിരുവനന്തപുരം
ഇടുക്കി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി മെച്ചപ്പെടുത്തുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സിടി സ്‌കാൻ, ഡിജിറ്റൽ എക്‌സറേ, മാമോഗ്രാം, കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടൊപ്പം രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ഇവിടെ ആരംഭിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കി ഈ വർഷംതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റിന്‌ ദേശീയ മെഡിക്കൽ കമീഷന്റെ അനുമതി ലഭിച്ചത്‌ കൃത്യമായ ആസൂത്രണത്തോടെയുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ്‌. ഇടുക്കി മെഡിക്കൽ കോളേജിനുകൂടി അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഗണ്യമായ പുരോഗതിയുണ്ടാകും. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കയുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എംസിഐ അംഗീകാരം റദ്ദാക്കി.

2015ൽ രണ്ടാമത്തെ ബാച്ച്‌  ഇടുക്കി മെഡിക്കൽ കോളേജിൽ പഠനം ആരംഭിക്കുമ്പോൾ പരിമിത സൗകര്യമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. ക്ലിനിക്കൽ പരിശീലനം നിർബന്ധമായിരുന്ന രണ്ടാംവർഷത്തെ പഠനം പ്രതിസന്ധിയിലായിരുന്നതായി വിദ്യാർഥികൾതന്നെ വ്യക്തമാക്കി. എല്ലാ സൗകര്യവുമുറപ്പാക്കുമെന്നായിരുന്നു 2014ൽ അന്നത്തെ യുഡിഎഫ് സർക്കാർ വിദ്യാർഥികൾക്ക് ഉറപ്പു നൽകിയത്. എന്നാൽ, അന്ന്‌ ക്ലിനിക്കൽ പോസ്‌റ്റിങ്‌ പോലും ലഭിക്കാതെ വിദ്യാർഥികൾ പ്രതിസന്ധിയിലായി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം വിദ്യാർഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്കുമാറ്റി തുടർപഠനം ഉറപ്പാക്കി എംസിഐ അംഗീകാരം നേടിയെടുത്തു. അവിടെനിന്നാണ് 100 എംബിബിഎസ് സീറ്റിന്‌ അനുമതി നേടുന്ന ഇന്നത്തെ ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള യാത്ര ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം യാഥാർഥ്യമാക്കുകയെന്ന വീക്ഷണത്തോടെയാണ് സർക്കാർ മുന്നോട്ട് പോയത്‌. മെഡിക്കൽ കോളേജിന്റെ ന്യൂനതകൾ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷണൽ മെഡിക്കൽ കമീഷന് അനുമതിക്കായി ശ്രമിച്ചത്. സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെയും കരുത്താർന്ന ഇടപെടലിന്റെയും നേട്ടമാണ് ഇടുക്കി മെഡിക്കൽ കോളേജിന്റെ അനുമതിയെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top