18 April Thursday

ഒന്നേകാൽ അടി വെള്ളംകൂടി ; ഇടുക്കിയിൽ ബ്ലൂ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022


ഇടുക്കി  
ഇടുക്കി അണക്കെട്ടിൽ ഒറ്റദിവസം ഒന്നേകാൽ അടി വെള്ളംകൂടി. ബുധൻ രാവിലെ പത്തോടെ ജലനിരപ്പ്‌ ബ്ലു അലർട്ട് പരിധിയായ 2375.53 അടിയായി. ഇതോടെ ആദ്യമുന്നറിയിപ്പ് നൽകി.  വെെകിട്ട് നാലിന് 2375. 84 അടിയായി ഉയർന്നു. 2381. 33 അടിയിൽ ഓറഞ്ച് അലർട്ടും 2382.53 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2403 അടിയാണ് പരമാവധി സംഭരണശേഷി. 

നിലവിൽ അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 69.2 ശതമാനമാണ്‌ ജലനിരപ്പ്. കഴിഞ്ഞവർഷമിത് 65.02 ശതമാനമായിരുന്നു. മൂലമറ്റം പവർഹൗസിൽ 14.55 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്‌ചത്തെ വെെദ്യുതി ഉൽപാദനം.

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ആശങ്ക വേണ്ട
മുല്ലപ്പെരിയാർ അണക്കെട്ട്‌ തുറക്കേണ്ട സാഹചര്യമില്ലെന്ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ, -ഇടുക്കി അണക്കെട്ടിന്റെ സ്ഥിതി വിലയിരുത്തിയശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താം തീയതിവരെ മുല്ലപ്പെരിയാറിലെ റൂൾകർവ്‌ 137.5 അടിയാണ്. നിലവിൽ 134.85 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 136.3 അടിയായിരുന്നു. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 69 ശതമാനംമാത്രം ജലമാണുള്ളത്‌. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ മാസം പത്തുവരെ 2383 അടിയാണ് റൂൾ കർവ്. നദിയിൽനിന്ന് മണ്ണും ചെളിയും എക്കലും നീക്കിയത് വെള്ളപ്പൊക്കം ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിച്ചു. മൂന്നു കോടി ക്യുബിക് മീറ്ററിലധികം എക്കലും ചെളിയുമാണ് നീക്കം ചെയ്യാൻ ഉണ്ടായിരുന്നത്. ഇതിൽ ഒരു കോടി ക്യുബിക് മീറ്റർ നീക്കം ചെയ്‌തു. എല്ലാ വർഷവും ഫെബ്രുവരിയിൽ പ്രവൃത്തി തുടരുമെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടുകളിൽ ആശങ്കയില്ല ; തുറക്കുക സാഹചര്യം 
വിലയിരുത്തി
കെഎസ്‌ഇബിക്ക്‌ കീഴിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്‌ സുരക്ഷിത അളവിൽ. ഇടുക്കി ഉൾപ്പെടെയുള്ള ഉയർന്ന സംഭരണശേഷിയുള്ളവ നിലവിൽ തുറക്കേണ്ട സാഹചര്യമില്ല. ബുധനാഴ്‌ച റൂൾ കർവ്‌ ലെവൽ കമ്മിറ്റി ചേർന്ന്‌ സ്ഥിതി വിലയിരുത്തി. മഴലഭ്യത, നീരൊഴുക്ക്‌, കാലാവസ്ഥ മുന്നറിയിപ്പ്‌, നദികളിലെ ജലനിരപ്പ്‌ എന്നിവ പരിഗണിച്ചാകും അണക്കെട്ട്‌ തുറക്കുന്നതിൽ തീരുമാനമെടുക്കുക. നദികളിലെ ജലനിരപ്പ്‌ ഉയർന്നാണെങ്കിൽ തുറക്കാതെ റൂൾ കർവിന്‌ മുകളിലും വെള്ളം പിടിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന വെള്ളം വൈദ്യുതോൽപ്പാദനത്തിന്‌ ഉപയോഗിച്ച്‌ ജലനിരപ്പ്‌ ക്രമീകരിക്കും. വീണ്ടും ജലനിരപ്പ്‌ ഉയർന്നാൽ തുറക്കേണ്ടിവന്നാലും മിതമായ അളവിലാകും പുറത്തേക്ക്‌ ഒഴുക്കുക. 

അണക്കെട്ടുകളിൽ 
70.49 ശതമാനം ജലം
കെഎസ്‌ഇബി അണക്കെട്ടുകളിൽ നിലവിലുള്ളത്‌ ആകെ സംഭരണശേഷിയുടെ 70.49 ശതമാനം ജലം. ഇടമലയാർ 70.35, കക്കി 67.44, ബാണാസുര സാഗർ 78.08, ഷോളയാർ 87.24, മാട്ടുപ്പെട്ടിയിൽ 73.62. ചെറിയ അണക്കെട്ടുകളായ പൊൻമുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ എന്നിവ തുറന്നിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top