26 April Friday

ഗാനമേളകളെ ഹിറ്റാക്കിയ പാട്ടുകാരൻ

സ്വന്തം ലേഖകൻUpdated: Sunday May 29, 2022

ഫോട്ടോ കടപ്പാട്: കൈരളി ടിവി

തിരുവനന്തപുരം
ഗാനമേള സദസ്സുകളിൽ നിന്നുയർന്ന കൈയടികളും ആരവങ്ങളുമാണ്‌ ഇടവ ബഷീർ എന്ന ഗായകനെ മരണംവരെയും മുന്നോട്ട്‌ നയിച്ചത്‌. ഗാനമേള വേദിയിൽ പാടുന്നതിനിടെയായിരുന്നു അന്ത്യവും. മാന്ത്രിക ശബ്ദംകൊണ്ട് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച ഗായകനാണ്‌. സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽനിന്ന്‌ ശാസ്‌ത്രീയ സംഗീതം അഭ്യസിച്ച ശേഷമാണ്‌ ജനപ്രിയ ഗാനങ്ങൾ ജനസദസ്സുകളിലെത്തിച്ച്‌ ആയിരങ്ങളുടെ ഹർഷാരവങ്ങൾ ഏറ്റുവാങ്ങിയത്‌.

മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയിൽ കെ ജെ ജോയിയുടെ സംഗീതത്തിൽ ആഴിത്തിരമാലകൾ.. എന്ന ഹിറ്റ്‌ ഗാനം പാടിയെങ്കിലും സിനിമ പിന്നണി ഗാനരംഗത്ത്‌ നിലയുറപ്പിക്കാൻ ബഷീറിന്‌ മനസ്സുവന്നില്ല.  ആയിരങ്ങൾ തടിച്ചുകൂടുന്ന ഗാനമേള വേദികളോടായിരുന്നു ബഷീറിന്‌ കമ്പം. ഗാനമേളകളുടെ തിരക്കിൽ പലപ്പോഴും സിനിമയിൽ പാടുവാനുള്ള ക്ഷണങ്ങൾ നിരസിച്ചു. മദ്രാസിൽ പോയി സിനിമയ്‌ക്ക് പാടുവാനുള്ള അസൗകര്യവും അന്നുണ്ടായിരുന്നു.

   അക്കോർഡിയൻ ഉൾപ്പെടെ അത്യാധുനികമായ സംഗീതോപകരണങ്ങൾ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത്‌ ബഷീറായിരുന്നു. പിതാവ് അബ്‌ദുൽ അസീസ് സിംഗപ്പൂരിലായിരുന്നതിനാൽ അവിടെനിന്ന് പുതിയ സംഗീതോപകരണങ്ങൾ കൊണ്ടുവന്നായിരുന്നു ഗാനമേളയിൽ പുതുമ സൃഷ്‌ടിച്ചത്‌.

    കേരളത്തിന്റെ അകത്തും പുറത്തും പതിനായിരക്കണക്കിന് വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചെങ്കിലും അതിനെ ധനസമ്പാദനത്തിനുള്ള വേദിയായി കണ്ടിരുന്നില്ല. മലയാള സിനിമയിലെ പല പ്രമുഖ സംഗീതജ്ഞരും ആദ്യകാലത്ത്‌ അദ്ദേഹത്തിന്റെ ട്രൂപ്പിന്റെ ഭാഗമായിരുന്നു. പെരുമാറ്റത്തിലെ ലാളിത്യവും വിനയവുംകൊണ്ട്‌ എല്ലാവരുടെയും ഹൃദയത്തിൽ ചേക്കേറുന്ന മനുഷ്യനായിരുന്നു. ഗാനമേളകൾക്കൊപ്പം മാപ്പിളപ്പാട്ടുകളുടെ വേറിട്ട ശബ്ദംകൂടിയായിരുന്നു ഇടവ ബഷീർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top