28 March Thursday

ഇടമലയാറും വരട്ടെ; പെരിയാർ കുലുങ്ങില്ല

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

കൊച്ചി> ഇടുക്കിക്കുപിന്നാലെ ചൊവ്വ രാവിലെ ഇടമലയാർ ഡാംകൂടി തുറന്നാലും ജില്ലയിൽ പെരിയാർ ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന്‌ വിലയിരുത്തൽ. കഴിഞ്ഞവർഷം ഒക്‌ടോബറിൽ കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ഇരുഡാമുകളും ഒന്നിച്ചുതുറന്നിട്ടും പെരിയാറിൽ ജലനിരപ്പ്‌ അപകടകരമായി ഉയർന്നില്ല. അണക്കെട്ടുവെള്ളത്തിനൊപ്പം ആലുവ, കാലടി ഭാഗത്ത്‌ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും കടലിലേക്ക്‌ പെരിയാർ ഒഴുക്കുകയും ചെയ്‌തു. രണ്ടു ഡാമുകളിൽനിന്നായി 200 ക്യുമെക്‌സ്‌ വെള്ളംവരെ തുറന്നുവിട്ടാലും ഇപ്പോഴത്തെ അവസ്ഥയിൽ പെരിയാറിന്‌ ഭാവമാറ്റമൊന്നും ഉണ്ടാകില്ലെന്നാണ്‌ കണക്കാക്കുന്നത്‌.

ഞായർ രാവിലെമുതൽ ഇടുക്കി ചെറുതോണി ഡാമിൽനിന്ന്‌ 50 ക്യുമെക്സ്‌ വെള്ളം ഒഴുക്കുന്നുണ്ട്‌. അതിശക്ത മഴ തുടർന്നതിനാൽ വൈകിട്ടോടെ രണ്ട് ഷട്ടർകൂടി ഉയർത്തി. ഇതോടെ തിങ്കൾ രാവിലെ ആറുവരെ 100 ക്യുമെക്സ്‌ വെള്ളം ഒഴുകും. ഈ വെള്ളം ലോവർ പെരിയാറിലെത്തി ഭൂതത്താൻകെട്ട്‌ കടന്ന്‌ ജില്ലയിലെ പെരിയാറിലേക്ക്‌ എത്തുന്നതിനുപിന്നാലെയാണ്‌ ചൊവ്വ രാവിലെ ഇടമലയാർ ഷട്ടറുകൾ തുറക്കുക. ആദ്യം 50 ക്യുമെക്സും തുടർന്ന് 100 ക്യുമെക്സ് വെള്ളവും ഒഴുക്കും. ഇടമലയാറിൽനിന്ന്‌ ഭൂതത്താൻകെട്ടിലെത്തുന്ന വെള്ളം വൈകിട്ടോടെ ആലുവയിൽ എത്തുമെന്നാണ്‌ കണക്കാക്കുന്നത്‌. ഭൂതത്താൻകെട്ടിലെ എല്ലാ ഷട്ടറും തുറന്നിരിക്കുകയാണ്‌.

ഇടുക്കി ഡാമിൽനിന്നുള്ള വെള്ളം ഞായർ ഉച്ചയോടെ ലോവർ പെരിയാറിൽ എത്തിയെങ്കിലും ജലനിരപ്പ്‌ കാര്യമായി ഉയർന്നില്ല. അവിടെനിന്ന്‌ ഭൂതത്താൻകെട്ടിലേക്കുള്ള ഒഴുക്കും സുഗമമാണ്‌. പ്രദേശത്ത്‌ മഴയുടെ തീവ്രത കുറഞ്ഞതും നദികളിലെ നീരൊഴുക്ക്‌ ശക്തമായതുമാണ്‌ കാരണം. മഴ കനത്താൽപ്പോലും നിലവിലെ സാഹചര്യത്തിൽ ഡാമിൽനിന്ന്‌ ഉയർന്ന അളവിൽ വെള്ളമെത്തിയാലും പെരിയാർ തീരത്തിന്‌  ആശങ്കപ്പെടാനില്ലെന്നാണ്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. കാലടി ഭാഗത്ത്‌ അഞ്ച്‌ സെന്റീമീറ്റർവരെ ജലനിരപ്പ്‌ ഉയരാനുള്ള സാധ്യതയാണ്‌ കണക്കാക്കുന്നത്‌. മറ്റിടങ്ങളിൽ താരതമ്യേന കുറയും.

ഞായർ പകൽ മുഴുവൻ ജില്ലയിൽ പെരിയാറിലെ ജലനിരപ്പ്‌ അടിക്കടി താഴുന്ന പ്രവണതയാണ്‌ കാണിച്ചത്‌. മാർത്താണ്ഡവർമ പാലം ഭാഗത്ത്‌ വൈകിട്ട്‌ നാലിന്‌ 1.315 മീറ്റർ വെള്ളമാണുള്ളത്‌. അപകടകരമായ ജലനിരപ്പ്‌ 2.50 മീറ്ററാണ്‌. മംഗലപ്പുഴ, കാലടി ഭാഗങ്ങളിലും അപകടനിലയുടെ പകുതിമാത്രമാണ്‌ വെള്ളം. ജില്ലയിൽ പെരിയാറിന്റെ കൈവഴികളും തോടുകളും ‘ഓപ്പറേഷൻ വാഹിനി’ പദ്ധതിയിലൂടെ ശുചീകരിച്ചതാണ്‌ നീരൊഴുക്ക്‌ സുഗമമാക്കിയത്‌.

കഴിഞ്ഞവർഷം ഒക്‌ടോബർ പത്തൊമ്പതിനാണ്‌ ഇടുക്കി, ഇടമലയാർ ഡാമുകൾ ഒന്നിച്ചുതുറന്നത്‌. 18ന്‌ പെരിയാറിന്റെ ആലുവ ഭാഗത്ത്‌ രണ്ടുമീറ്റർവരെ വെള്ളം പൊങ്ങിയിരുന്നു. ഇരുഡാമുകളും തുറക്കുമ്പോൾ ഒരുമീറ്റർകൂടി വെള്ളം ഉയരുമെന്നു കണക്കാക്കിയിരുന്നു. 200 ക്യുമെക്‌സ്‌ വെള്ളം ഡാമുകളിൽനിന്ന്‌ ഒഴുകിയെത്തിയിട്ടും കാര്യമായി ജലനിരപ്പ്‌ ഉയർന്നില്ല. ഇടമലയാറിലെ രണ്ട് ഷട്ടറുകൾ 80 സെന്റീമീറ്റർവീതവും ഇടുക്കിയുടെ മൂന്ന്‌ ഷട്ടറുകൾ 35 സെന്റീമീറ്റർവീതവുമാണ്‌ അന്ന്‌ ഉയർത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top