26 April Friday

സൈനിക ഹെലികോപ്‌റ്റർ അപകടം: കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

കുനൂർ > സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ രാധകൃഷ്‌ണൻ മകൻ  എ പ്രദീപ്‌ ആണ്‌ കൊല്ലപ്പെട്ടത്‌.

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ  ഫ്ലൈറ്റ് ഗണ്ണറായിരുന്നു ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപ്. 2004ൽ ആണ്‌ പ്രദീപ്‌ വ്യോമസേയിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്‌. പിന്നീട് എയർ ക്രൂവായി തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തുടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഭാര്യ: ശ്രീലക്ഷ്മി. രണ്ട് മക്കൾ.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 12.20 ഊട്ടിയ്‌ക്ക്‌ സമീപം കുനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത്‌, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, വാറന്റ്‌ ഓഫീസർ എ പ്രദീപ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരുൾപ്പെടെ 13 പേരാണ്‌ അപകടത്തിൽ കൊല്ലപ്പെട്ടത്‌. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ വരുൺ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്‌.

വെല്ലിങ്ടണ്‍ ഡിഫൻസ്‌ കോളേജിൽ സൈനിക കേഡറ്റുകളോട്‌ സംവദിക്കുന്നതിനായാണ്‌ സുളൂർ വ്യോമ താവളത്തിൽ നിന്നും ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 11.45 ഓടെ ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്‌. 12.20 വെല്ലിങ്‌ടൺ ഹെലിപാഡിൽ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന്‌ ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാൽ 10 കിലോ മീറ്റർ മാത്രം പിന്നിട്ട്‌ കുനൂർ കട്ടേരിക്ക്‌ സമീപം ഒരു ഫാമിൽ ചോപ്പർ തകർന്നു വീഴുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top