29 March Friday
കോൺഗ്രസ്‌ എംഎൽഎക്കെതിരെ കെപിസിസി എക്‌സിക്യുട്ടീവ് അംഗം

ബത്തേരി അർബൻ ബാങ്ക്‌ നിയമനം : ഐ സി ബാലകൃഷ്‌ണൻ ലക്ഷങ്ങൾ കോഴവാങ്ങി: പി വി ബാലചന്ദ്രൻ

സ്വന്തം ലേഖികUpdated: Wednesday Sep 22, 2021



കൽപ്പറ്റ
ബത്തേരി അർബൻ ബാങ്ക്‌ നിയമനത്തിന്‌ മുൻ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ  ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ കോഴ വാങ്ങിയതിന്‌ താൻ ദൃക്‌സാക്ഷിയാണെന്ന്‌ കെപിസിസി എക്‌സിക്യുട്ടീവംഗവും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ പി വി ബാലചന്ദ്രൻ.

അർബൻ ബാങ്കിൽ ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ പലരിൽനിന്നായി ഐ സി  ബാലകൃഷ്‌ണൻ ലക്ഷങ്ങൾ വാങ്ങി. അവരടക്കമുള്ള 17 പേരുടെ ലിസ്‌റ്റാണ്‌ ബാങ്ക്‌ ചെയർമാന്‌ നൽകിയത്‌. ഇവരിൽ യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു, മഹിളാ കോൺഗ്രസ്‌ പ്രവർത്തകരില്ല. ഈ ലിസ്‌റ്റിൽനിന്ന്‌ നിയമനം നടത്താത്തതാണ്‌ ഐ സി ബാലകൃഷ്‌ണനെ പ്രകോപിപ്പിച്ചത്‌. ഇതിന്റെ പേരിലാണ്‌ അഴിമതി നടന്നതായി പറഞ്ഞ്‌ ബഹളമുണ്ടാക്കിയത്‌. ഉദ്യോഗാർഥികളിൽനിന്ന്‌ വാങ്ങിയ പണം തിരികെ കൊടുക്കാനില്ലെന്നും അതിനാൽ ഇപ്പോൾ നിയമനം നൽകിയവരിൽനിന്ന്‌ പണം വാങ്ങി തിരിച്ച്‌ കൊടുക്കണമെന്നും ‌തന്നോട്‌ പറഞ്ഞു‌. അസംബ്ലി തെരഞ്ഞെടുപ്പിനുമുമ്പ്‌   ഡിസിസി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ ഒന്നോ രണ്ടോ തസ്‌തിക പാർടിക്ക്‌ നൽകാൻ ഭരണസമിതിക്കുമേൽ സമ്മർദം ചെലുത്തണമെന്നും ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം താനും ചില ആളുകളോട്‌ സംസാരിച്ചിട്ടുണ്ട്‌. പണം നൽകിയതിന്‌ അവർതന്നെ തെളിവാണ്‌. കോൺഗ്രസ്‌ ഭരിക്കുന്ന പല സഹകരണ ബാങ്കുകളിൽനിന്ന്‌ ഡിസിസിയുടെ പ്രവർത്തനത്തിനെന്ന പേരിൽ പണം വാങ്ങിയെന്ന്‌ ബാലകൃഷ്‌ണൻ തന്നെ സമ്മതിച്ചതാണെന്നും ബാലചന്ദ്രൻ പറഞ്ഞു. 

അർബൻ ബാങ്കിൽ നടന്ന അഴിമതിയെക്കുറിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോടും രമേശ്‌ ചെന്നിത്തലയോടും പരാതി പറഞ്ഞിരുന്നു. എന്നാൽ എംഎൽഎ ആയതിനാൽ നടപടിയെടുക്കാൻ അവർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top