19 April Friday

വരുന്നു ഹൈഡ്രജൻ ബസുകൾ; ആദ്യഘട്ടം നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

നെടുമ്പാശേരി > കെഎസ്ആർടിസിയുമായി ചേർന്ന് ഐഒസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ്' പദ്ധതിയുടെ ആദ്യഘട്ടം നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ്‌ നടത്തും.  പദ്ധതിയ്‌ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരത്തും യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകാൻ ഐഒസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് ഇത് നടപ്പിലാക്കുന്നത്. അടുത്ത ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനം വികസിപ്പിക്കുന്ന പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയിരുന്നു. 10 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഗതാഗത വകുപ്പിന്‌ കീഴിലെ ശ്രീചിത്ര തിരുനാൾ കോളേജ്‌ ഓഫ്‌ എൻജിനിയറിങും അനർട്ടും ചേർന്ന് തയ്യാറാക്കിയ പൈലറ്റ്‌ പദ്ധതിയുടെ റിപ്പോർട്ട് വിദഗ്‌ധ സമിതി പരിശോധിച്ച ശേഷമാണ്  കേന്ദ്രത്തിന്‌ സമർപ്പിച്ചത്‌.

ഹൈഡ്രജൻ ഉൽപ്പാദനം, സംഭരണം, പദ്ധതിയുടെ കാര്യക്ഷമത, സാമ്പത്തിക നേട്ടം തുടങ്ങിയ കാര്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നുണ്ട്. എൽഎൻജി, വെള്ളം, ജൈവ മാലിന്യം എന്നിവയിൽ നിന്ന്‌ ഹൈഡ്രജൻ ഉൽപാദിപ്പിച്ച്‌ പ്രത്യേക സംവിധാനം ഉപയോഗിച്ച്‌ സെല്ലിൽ നിറച്ച്‌ വാഹനത്തിൽ ഘടിപ്പിക്കുന്നതാണ്‌ കേരളം സമർപ്പിച്ച പദ്ധതി. ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക്‌ ഇന്ധനക്ഷമത കൂടുതലായിരിക്കും. അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയുകയും ചെയ്യും. ട്രെയിൻ, കപ്പൽ തുടങ്ങിയവയ്‌ക്കും ഹൈഡ്രജൻ സെൽ കൂടുതൽ പ്രയോജനം ചെയ്യും.

നിലവിൽ കൊച്ചി ബിപിസിഎല്ലിൽ എൽഎൻജിയിൽ നിന്ന്‌ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നുണ്ട്‌. മാലിന്യത്തിൽ നിന്ന്‌ ഹൈഡ്രജൻ ഉൽപാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യ ഐഒസിക്കുമുണ്ട്‌. ഈ രണ്ട്‌ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സംസ്ഥാനം തേടിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top