കൊല്ലം > സംസ്ഥാനത്ത് ജലവൈദ്യുത ഉൽപ്പാദനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ജില്ലയിൽ പുതിയ പദ്ധതിയുമായി കെഎസ്‌ഇബി. കല്ലട ജലസേചന പദ്ധതിയുടെ പരപ്പാർ ഡാമിലെ വലതുകര കനാൽ വഴി ജലസേചനത്തിനും കൃഷിക്കും ഉപയോഗിക്കുന്ന ജലം ഉപയോഗിച്ച് മഴക്കാലത്ത് ഒറ്റക്കലിൽ ചെറുകിട ജലവൈദ്യുത പദ്ധതി തുടങ്ങും. പ്രതിദിനം നാലു മെഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള നിലയം സ്ഥാപിച്ച് പ്രതിവർഷം 11 .5 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാണ് ശ്രമം. 32.5 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ വിശദ പര്യവേഷണ റിപ്പോർട്ട് കൊട്ടാരക്കര സിവിൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ വൈദ്യുതി ബോർഡിനു സമർപ്പിച്ചു. പുതിയതായി ഡാമോ റിസർവോയറോ ആവശ്യമില്ല എന്നത് പ്രത്യേകതയാണ്.
ഒറ്റക്കൽ തടയണയിൽ പ്രതിവർഷം ശരാശരി 335 ക്യൂബിക് മീറ്റർ ജലമാണ് ഒഴുകി എത്തുന്നത്. കല്ലട ജലസേചന പദ്ധതിക്ക് ജലം ശേഖരിക്കുന്നതിനാൽ പ്രധാനമായും ജൂൺ മുതൽ ആറുമാസമുള്ള മൺസൂൺ കാലത്താണ് വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിടുന്നത്. പരപ്പാർ ഡാമിൽനിന്ന് അഞ്ചുകിലോമീറ്റർ താഴെയായി ഒറ്റക്കലിൽ ഇറിഗേഷൻ വകുപ്പിന്റെ 1.7 എംഎം ക്യൂബ് സംഭരണശേഷിയുള്ള തടയണ പ്രയോജനപ്പെടുത്തിയാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുക. ഈ തടയണയുടെ വലതുകര കനാലിൽനിന്ന് ഒരു കിലോമീറ്റർ താഴെ ഒരു ഗേറ്റ് വഴി ജലം നിയന്ത്രിച്ച് 11 മീറ്റർ നീളമുള്ള ചാനലിൽ കൂടി 12 മീറ്റർ വ്യാസവും 27 മീറ്റർ ആഴവുമുള്ള ഫോർബെയ്ൽ ടാങ്കിൽ എത്തിക്കും.
ഒരു പെൻസ്റ്റോക്ക് പൈപ്പ് രണ്ടായി വിഭജിച്ച് രണ്ട് മെഗാ വാട്ടിന്റെ രണ്ടു മെഷീനിലേക്ക് ജലം എത്തിച്ചാകും വൈദ്യുതി ഉൽപ്പാദനം. ജലം കല്ലടയാറ്റിലേക്കു തന്നെ ഒഴുക്കും. വനഭൂമി ആവശ്യമില്ലാത്ത പദ്ധതിക്ക് ഒരു ഹെക്ടർ സ്വകാര്യഭൂമിയാണ് വേണ്ടത്. ഒരു യൂണിറ്റ് ഉൽപ്പാദിപ്പിക്കാൻ 3.90 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിലവിൽ പരപ്പാർ ഡാമിനു താഴെ സ്ഥാപിച്ചിരിക്കുന്ന 30 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള നിലയത്തിൽനിന്ന് ശരാശരി 53.73 മെഗായൂണിറ്റ് വൈദ്യുതി ഉൽപ്പാദിക്കുന്നു. കൂടുതൽ ചെറുകിട ജലവൈദ്യുതപദ്ധതികൾ വരുന്നതോടെ കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങുന്ന ബോർഡിന് ഭാവിയിൽ സാമ്പത്തിക ആശ്വാസമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..