25 April Thursday

വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ മർദിച്ചു; ഭർത്താവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കോവളം > വിഴിഞ്ഞത്ത്‌ വൃക്ക വിൽക്കാൻ തയ്യാറാകാത്ത ഭാര്യയെ ഭർത്താവ് ക്രൂരമായി മർദിച്ചു. ഭർത്താവ് വിഴിഞ്ഞം സ്വദേശി സാജനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്‌തു. വിഴിഞ്ഞം മുള്ളുമുക്ക്‌ സ്വദേശിയാണ് ഇയാൾ. ഇയാളുടെ ഭാര്യ സുജ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

വ്യാഴാഴ്‌ച‌യാണ് സംഭവം. വീട് വാടകയ്ക്ക് എടുത്തത്തിന്റെ അഡ്വാൻസ് തുക ശനിയാഴ്ച നൽകണമെന്ന് വീട്ടുടമസ്ഥ ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളിയായ സാജൻ മീൻ പിടുത്തം കഴിഞ്ഞ് എത്തിയപ്പോൾ ഈ കാര്യം സുജ സൂചിപ്പിച്ചു. ഇതിൽ കുപിതനായി സാജൻ ഭാര്യയോട് കയർക്കുകയും മർദിക്കുകയുമായിരുന്നു.

സുജയുടെ വൃക്കകളിൽ ഒന്ന് വിൽക്കുന്നതിന് സാജൻ ഏജന്റുമായി സംസാരിച്ചിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ടെസ്റ്റുകളും നടത്തി. അടുത്ത മാസം ഒന്നിന് മലപ്പുറം സ്വദേശിയായ പുരുഷന് വൃക്ക നൽകാനിരുന്നതാണ്. ഇതിനായി നാല് തവണ വൈദ്യ പരിശോധനയും നടത്തി. എറണാകുളത്ത് പോയാണ് വൈദ്യ പരിശോധനയ്ക്ക് വിധേയമായത്.

പത്ത് ലക്ഷം രൂപയ്ക്കായിരുന്നു വൃക്ക നൽകാൻ തീരുമാനിച്ചത്. എന്നാൽ ഇടനിലക്കാരൻ 9 ലക്ഷമാണ് നൽകാൻ സമ്മതിച്ചത്. ഈ പണത്തിൽ നിന്നും വീടിന്റെ അഡ്വാൻസ് നൽകാം എന്നായിരുന്നു സാജന്റെ കണക്കുകൂട്ടൽ. എന്നാൽ ഇവർ എറണാകുളത്ത് പോയ വിവരം പുറത്താവുകയായിരുന്നു. ഇതോടെ എന്തിന് ഈ കാര്യം പുറത്ത് പറഞ്ഞു എന്നാരോപിച്ചാണ് സാജൻ സുജയെ ആക്രമിച്ചത്.

ചിരവ ഉപയോഗിച്ചാണ് ശരീരമാസകലം മർദിച്ചത്. തന്നെ മർദിക്കുന്നത് കണ്ട് 11 ഉം 10 ഉം വയസായ മാനസിക വളർച്ചയെത്താത്ത മക്കൾ എത്തി തടയാൻ ശ്രമിച്ചു. ഇതോടെ ഇവരെയും മർദിച്ചതായി സുജ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ കെ എൽ സമ്പത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഭാര്യയെ മർദിച്ചതിന്‌ ഗാർഹിക പീഡനത്തിനും കുട്ടികളെ മർദിച്ചതിന്‌ ജുവനൈൽ ആക്റ്റ് പ്രകാരവും ഇയാൾക്കെതിരെ കേസ് എടുത്തതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top