26 April Friday

വീട്ടമ്മയെ കെട്ടിയിട്ട്‌ കവർച്ച: ബിജെപി, എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ്‌; നേതൃത്വം വെട്ടിൽ

പ്രത്യേക ലേഖകൻUpdated: Thursday Mar 23, 2023

ബിജെപി നേതാവ് വിമൽകുമാർ

പാലക്കാട്‌> കൽമണ്ഡപത്ത്‌ പട്ടാപ്പകൽ വീട്ടിൽക്കയറി വീട്ടമ്മയെ കെട്ടിയിട്ട്‌ 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നക്കേസിൽ ബിജെപി മണ്ഡലം കമ്മിറ്റി അംഗം പിടിയിലായതോടെ നേതൃത്വം പ്രതിരോധത്തിൽ. ആസൂത്രിത കവർച്ചയിൽ ഏഴുപേരാണ്‌ ഇതുവരെ പിടിയിലായത്‌. പ്രതികളിൽ എസ്‌ഡിപിഐ നേതാവുമുണ്ട്‌. പ്രധാന പ്രതിയെ പിടികൂടാനുണ്ട്‌.
 
ബിജെപി പുതുനഗരം മണ്ഡലം കമ്മിറ്റി അംഗവും പഞ്ചായത്ത്‌കമ്മിറ്റി മുൻ വൈസ്‌ പ്രസിഡന്റുമായ വിമൽകുമാർ, എസ്‌ഡിപിഐ പുതുനഗരം യൂണിറ്റ്‌ മുൻ പ്രസിഡന്റ്‌ ബഷീറുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ്‌ കവർച്ചയ്‌ക്ക്‌ നേതൃത്വം നൽകിയത്‌. വിമൽകുമാർ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള  നേതാക്കളുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടും ഇയാളെ തള്ളിപ്പറയാനോ, ബിജെപിയിൽനിന്ന്‌ പുറത്താക്കാനോ നേതൃത്വം തയ്യാറായിട്ടില്ല. എസ്‌ഡിപിഐ നേതൃത്വവും  മൗനം പാലിക്കുകയാണ്‌. വാർത്ത റിപ്പോർട്ട്‌ ചെയ്‌ത മാധ്യമങ്ങൾ പലതും പ്രതികളുടെ രാഷ്ട്രീയം ബോധപൂർവം മറച്ചുവച്ചു. 
 
കൽമണ്ഡപത്ത്‌ നടന്ന മോഷണത്തിൽ കൈക്കലാക്കിയ 57 പവൻ സ്വർണം വിറ്റത്‌ കേസിലെ പ്രതിയും  ബിജെപി നേതാവുമായ വിമൽകുമാറിന്റെ സഹോദരി ഭർത്താവും കോയമ്പത്തൂരിലെ സ്വർണപ്പണിക്കാരനുമായ സുരേഷ്‌ വഴിയാണ്‌. 18.5 ലക്ഷം രൂപയ്‌ക്കാണ്‌ സ്വർണം വിറ്റത്‌. 
ജില്ലയിൽ സംഘപരിവാർ ബന്ധമുള്ള ‘ഹൈവെ കൊള്ളസംഘം’ പ്രവർത്തിക്കുന്നതായി നേരത്തേത്തന്നെ രഹസ്യാന്വേഷണ വിഭാഗം സൂചന നൽകിയിട്ടുണ്ട്‌. വാളയാർ മുതൽ കോയമ്പത്തൂർ മധുക്കരവരെയുള്ള ദേശീയപാതയിൽ വാഹനം തടഞ്ഞ്‌ പണം കവരുന്ന സംഘത്തിനാണ്‌ ആർഎസ്‌എസ്‌ ബന്ധം. കള്ളപ്പണവുമായി വരുന്നസംഘം സഞ്ചരിക്കുന്ന വാഹനം മനസിലാക്കിയാണ്‌ കവർച്ച. പാലക്കാട്ടെ ആർഎസ്‌എസ്‌ നേതാക്കളുടെ വട്ടിപ്പലിശ സംഘമാണ്‌ ഇത്തരം വിവരങ്ങൾ കൊള്ളസംഘത്തിന്‌ കൈമാറുന്നത്‌. ജില്ലയിലെ ചില ഉന്നത ബിജെപി– ആർഎസ്‌എസ്‌ നേതാക്കളുടെ അറിവോടെയാണ്‌ ഇതൊന്നും ആക്ഷേപമുണ്ട്‌.
 
പ്രതികളെ ഉടന്‍ 
കസ്റ്റഡിയില്‍ വാങ്ങും
 
കൽമണ്ഡപത്ത് പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട്‌ സ്വർണവും പണവും തട്ടിയക്കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അറസ്റ്റിലായ വിമൽകുമാർ, ബഷീറുദ്ദീൻ, തൗഫീക്ക് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. ഇതിനായി ഉടൻ കസബ പൊലീസ് കോടതിയിൽ ഹർജി നൽകും. ഇവർ കോയമ്പത്തൂരിൽ വിൽപ്പന നടത്തിയ സ്വർണം കണ്ടെടുത്തിട്ടില്ല. ഇവരെ കസ്റ്റഡിയിൽ എടുത്തശേഷം ഈ സ്വർണം വിറ്റ കടയിൽ കൊണ്ടുപോയി വീണ്ടെടുക്കാനാണ് ശ്രമം.
 
മോഷണത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാംപ്രതി പുതുന​ഗരം സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളെ ഉടൻ പിടികൂടുമെന്ന് കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ് പറഞ്ഞു. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയെ ആക്രമിച്ചാണ് ഈ മാസം 13ന് മോഷണം നടത്തിയത്. 
 
അൻസാരിയുടെ വീട്ടിൽനിന്ന് 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്. കേസിൽ നേരത്തെ സ്വർണം വിൽക്കാൻ സഹായിച്ച വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34), വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top