ന്യൂഡൽഹി
ഹോട്ടലുകളുടെ പ്രകടനത്തിൽ കുമരകം രാജ്യത്തെ വൻനഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും പിന്തള്ളി ഒന്നാംസ്ഥാനത്ത്. ഋഷികേശ് രണ്ടാം സ്ഥാനത്തും കോവളം മൂന്നാം സ്ഥാനത്തുമാണ്. ഹോട്ടലുകളുടെ വരുമാനവും ലഭ്യമായ മുറികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിന്റെ (റെവ്‌പാർ) അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണിത്. മുംബൈ ആറാമതും ഡൽഹി 11–-ാമതുമാണ്. പ്രമുഖ കൺസൾട്ടൻസി സ്ഥാപനം ‘ഹോട്ടലിവേറ്റ്’ ആണ് 2022–-23ലെ പട്ടിക പുറത്തുവിട്ടത്.
ഹോട്ടൽ മുറികൾക്കുള്ള ആവശ്യം, അതിഥികൾ തങ്ങുന്ന കാലയളവ്, സേവനങ്ങൾ എന്നിവ മെച്ചപ്പെടുമ്പോഴാണ് സാധാരണയായി റെവ്‌പാർ ഉയരുന്നത്. 2022–-23ൽ കുമരകത്തിന്റെ റെവ്‌പാർ 11,758 രൂപയായി. ഇത് ഋഷികേശിൽ 10,506 രൂപയും കോവളത്ത് 9087 രൂപയുമായിരുന്നു. മുംബൈയിൽ 7226 രൂപയും ഡൽഹിയിൽ 6016 രൂപയുമായിരുന്നു റെവ്‌പാർ. വൻവാണിജ്യ കേന്ദ്രങ്ങളിലെ ഹോട്ടലുകളേക്കാൾ ആകർഷകത്വം കൈവരിക്കാൻ കുമരകത്തിനും കോവളത്തിനും കഴിഞ്ഞെന്നത് മികച്ച നേട്ടമാണ്.
ശ്രീനഗർ (നാല്), ഉദയ്‌പുർ (അഞ്ച്), ഗോവ (ഏഴ്), മസൂറി (എട്ട്), രാജസ്ഥാനിലെ രണധംബോർ (ഒമ്പത്), മഹാരാഷ്‌ട്രയിലെ മഹാബലീശ്വർ (10), ഷിംല (12), വാരാണസി (13), ഊട്ടി (14), ലോനാവല (മഹാരാഷ്‌ട്ര, 15) എന്നിവയാണ് ഈ പട്ടികയിൽ മുന്നിലുള്ള മറ്റ് ഇടങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..