19 April Friday

എച്ച്‌എൽഎൽ സ്വകാര്യവൽക്കരണം : 9000 കുടുംബത്തിന്റെ കഞ്ഞിയിൽ മണ്ണിടും

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022


തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്‌സ്‌ ലിമിറ്റഡ് (എച്ച്‌എൽഎൽ) വിറ്റഴിക്കുമ്പോൾ ആശങ്കയിലാകുന്നത്‌ 9000 കുടുംബം. നിലവിൽ നാലായിരം ജീവനക്കാരും പുറംകരാർ തൊഴിലെടുക്കുന്ന അയ്യായിരം പേരും സ്ഥാപനത്തെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നവരാണ്‌. സ്വകാര്യമേഖലയിലേക്കെത്തിയാൽ സേവനവേതന വ്യവസ്ഥയടക്കം ഏത്‌ രീതിയിലാകുമെന്ന ആശങ്കയിലാണിവർ.

എച്ച്‌എൽഎൽ ആരംഭിക്കുമ്പോൾ  സ്ഥലം വിട്ടുനൽകിയ കേരള, കർണാടക, തമിഴ്‌നാട്‌ സർക്കാരുകളോട്‌ കൂടിയാലോചിക്കുകപോലും ചെയ്യാതെയാണ്‌ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഏക പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം. ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ താൽപ്പര്യമറിയിച്ചെങ്കിലും കേന്ദ്രം അനുവദിച്ചില്ല. സ്ഥാപനം പൊതുമേഖലയിൽ നിലനിർത്താൻ ജനകീയ സമിതി രൂപീകരിച്ച്‌ പോരാട്ട പാതയിലാണ്‌ നാട്ടുകാർ. 1966ലാണ്‌ പൊതുമേഖലാ സ്ഥാപനമായി എച്ച്‌എൽഎൽ പ്രവർത്തനമാരംഭിച്ചത്‌. ഗർഭനിരോധന ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്‌, ഹെൽത്ത്‌ കെയർ ഉപകരണങ്ങൾ, ഡയഗ്‌നോസ്റ്റിക്‌ ലാബുകൾ, പ്രസവ ആശുപത്രികൾ തുടങ്ങി വിപുലമായ ആരോഗ്യ ശൃംഖലയാണ്‌ എച്ച്‌എൽഎല്ലിന്‌ കീഴിൽ. 85ലധികം രാജ്യങ്ങളിലേക്ക്‌ എച്ച്‌എൽഎൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്‌.

കോവിഡ്‌ കാലത്ത്‌  മരുന്നുകളുടെയും ഉപകരണങ്ങളുടെയും അടിയന്തര സംഭരണത്തിനായി കേന്ദ്രസർക്കാർ നോഡൽ ഏജൻസിയായി നിശ്ചയിച്ചതും എച്ച്‌എൽഎല്ലിനെ. വെന്റിലേറ്ററുകളുൾപ്പെടെ വിതരണം ചെയ്‌ത്‌ മാതൃകയായി.
1966ൽ 15 കോടിയുടെ ഓഹരി മൂലധനവുമായി പ്രവർത്തനമാരംഭിച്ച എച്ച്‌എൽഎല്ലിന്റെ ആസ്തി 2021 മാർച്ചിലെ കണക്കനുസരിച്ച്‌ 300 കോടി രൂപയിലെത്തി.

2016–-17 സാമ്പത്തികവർഷം  ആസ്തി 519.87 കോടിയായിരുന്നു . എച്ച്‌എൽഎൽ മെഡി പാർക്ക്‌, ബയോടെക്‌ വാക്‌സിൻ പ്രോജക്ടുകൾ എന്നിവ വേർപെടുത്തി നിലനിർത്താൻ കേന്ദ്രം തീരുമാനിച്ചതോടെയാണ്‌ ആസ്തി 300 കോടിയായും ഓഹരി മൂലധനം 15.54 കോടിയായും കുറഞ്ഞത്‌. കഴിഞ്ഞ വർഷം 5000 കോടി രൂപയുടെ വിറ്റുവരവും 600 കോടിയുടെ ലാഭവുമാണ്‌ കമ്പനിക്കുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top