24 April Wednesday

ദുർഘടമായ പാതകൾ പഴങ്കഥയായി; ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്‌

കെ ടി രാജീവ്‌Updated: Friday Mar 17, 2023

മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായ ഒന്നാം റീച്ചിൽപ്പെട്ട കുട്ടിക്കാനത്തിന്‌ സമീപത്തുനിന്നുള്ള ദൃശ്യം

ഇടുക്കി > ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്‌. ദുർഘടമായ പാതകൾ ഇനി പഴങ്കഥയായി. ഗ്രാമങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള വൃത്തിയും ഉറപ്പുമുള്ള റോഡുകൾ എവിടെയും കാണാം. മന്ത്രി മുഹമ്മദ്‌ റിയാസ്‌, മുൻമന്ത്രി ജി സുധാകരൻ, എം എം മണി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലും ശ്രമവും ഇതിനു പിന്നിലുണ്ട്‌. ഇതിനുപരി എൽഡിഎഫ്‌ സർക്കാർ പ്രതിബദ്ധതയാണ്‌ വെളിപ്പെടുന്നത്‌. ഒന്നും നടക്കില്ലെന്ന പ്രചാരണങ്ങളാണിവിടെ തകർന്നടിയുന്നത്‌.
 
ജില്ലാ രൂപീകൃതമായ 1972ൽ ഏതാണ്ട്‌ സഞ്ചാര യോഗ്യമെന്ന്‌ പറയാവുന്ന നാല്‌ റോഡുകളേ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ ഗതാഗത മേഖലയിൽ വൻ കുതിപ്പും വേഗവും വന്നു. ജനകീയ മന്ത്രിമാരും പ്രതിനിധികളും എത്തിയതോടെ നാട്‌ വികസിക്കുന്നു. ഇത്തരത്തിലുള്ളതാണ്‌ പീരുമേട് - ദേവികുളം മലയോര ഹൈവേ. പീരുമേട് - ദേവികുളം മലയോര ഹൈവേ ഒന്നാം റീച്ചായ കുട്ടിക്കാനം - ചപ്പാത്ത് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ 99 ശതമാനം പൂർത്തിയായി. ചുരുക്കം ചില ഭാഗങ്ങളില്‍ ഓടയുടെ നിർമാണവും റോഡ് മാർക്കിങ്ങിൽ റിഫ്‌ളക്ടറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരുന്നു. മൂന്നുവർഷത്തേക്ക് ഈ റോഡിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ചുമതല നിർമിച്ച കരാറുകാർക്കാണ്. ഹരിത മനോഹരമായ തേയിലത്തോട്ടങ്ങൾക്ക്‌ നടുവിലൂടെ പോകുന്ന, കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്കുള്ള സുപ്രധാന വഴിയായ ഈ റോഡിന് നേരത്തേ നാലുമീറ്റർ ടാറിങ് പ്രതലം ഉൾപ്പെടെ ആകെ ആറുമീറ്റർ മാത്രമായിരുന്നു വീതി. ജില്ലയിലെ മലയോര മേഖലയുടെ വികസനത്തിനും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ഈ ഹൈവേ കുതിപ്പേകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ചെലവഴിച്ചത്‌ 90.34 കോടി, 12 മുതൽ 13.5 മീറ്റർ വീതി
 
മലയോര ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽനിന്ന് 90.34 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച 18.3 കിലോമീറ്റർ ദൈർഘ്യം വരുന്ന റീച്ചിൽ ഇപ്പോള്‍ 12 മുതൽ 13.5 മീറ്റർ വരെയാണ് വീതി. ഏഴു മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലും ഒരു മീറ്റർ വീതം പേവ്ഡ് ഷോൾഡറുകളുമുണ്ട്. അഗാധ താഴ്‌വരകൾ കരിങ്കല്ല് കെട്ടി സംരക്ഷിച്ചും സംരക്ഷണഭിത്തി, കലുങ്കുകൾ, നടപ്പാത, മറ്റ് റോഡ് സുരക്ഷാസംവിധാനങ്ങൾ എല്ലാം ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് നിര്‍മാണം പൂർത്തീകരിച്ചത്.
 
ബിഎം ആൻഡ്‌ -ബിസി നിലവാരത്തിൽ നിർമിച്ച റോഡിൽ 16.5 കിലോമീറ്റർ നീളത്തിൽ സംരക്ഷണഭിത്തികളും 96 കലുങ്കുകളും മറ്റ് അനുയോജ്യമായ ജലനിർഗമന മാർഗങ്ങളും പണിതിട്ടുണ്ട്. മഴക്കാലത്ത് സ്ഥിരമായി റോഡ് തകരുന്നത് തടയാൻ ഇതിലൂടെ സാധിക്കും. രണ്ടുവർഷമാണ് നിർമാണം പൂർത്തിയാക്കാനെടുത്ത സമയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top