09 June Friday

ഗൂഢാലോചന കേസ്‌: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ കോടതിയിൽ ഹാജരാക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. എന്നാൽ തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാൽ കഴിയില്ലന്നും പ്രോസിക്യഷന്റെ ഈ ആവശ്യത്തിന്മേൽ കൂടുതൽ വാദം നടത്തണമെന്നും പ്രതികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് മുൻകൂർ ജാമ്യാപേക്ഷകൾ വാദത്തിനായി ജസ്റ്റിസ് പി ഗോപിനാഥ് ശനിയാഴചത്തേക്ക് മാറ്റി.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ മാറ്റിയെന്നും ഇവ ഹാജരാക്കാൻ നിർദ്ദേശിക്കണമന്നും അല്ലാത്തപക്ഷം പോലീസിനെ തുടർനടപടികൾക്ക് അനുവദിക്കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി ആവശ്യപ്പെട്ടു. ദിലീപ് ഉപയോഗിച്ച 4 ഫോണുകൾ ഉൾപ്പെടെയുള്ള ഫോണുകൾ ഹാജരാക്കണമെന്ന ആവശ്യം നിരസിച്ചതിനാൽ ജാമ്യാപേക്ഷകൾ വെള്ളിയാഴ്ച തന്നെ വാദം കേൾക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഉച്ചതിരിഞ്ഞ് കേസ് പരിഗണിക്കാൻ കോടതി തിരുമാനിച്ചത്.

തന്റെ അഭിഭാഷകനുമായും ആദ്യ ഭാര്യ മഞ്ജു വാര്യരുമായുമുള്ള സംഭാഷങ്ങൾ വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപിന്‌ വേണ്ടി അഭിഭാഷകൻ ബോധിപ്പിച്ചു. ഇക്കാര്യം പ്രധാന കേസിന്റെ വിചാരണയെ ബാധിക്കും. ആ കേസിന്റെ വിചാരണ ഏതാണ്ട് പൂർത്തിയായി. പോലിസിന്റെ കള്ളത്തങ്ങൾ പൊളിഞ്ഞതിനാൽ ദിലീപിനെതിരെ തെളിവുണ്ടാക്കാനാണ് ശ്രമം. ഫോണുകൾ സ്വകാര്യ സൈബർ വിദഗ്ദ്ധരെ ഏൽപ്പിച്ചിരിക്കയാണന്നും പോലിസിന് കൈമാറില്ലന്നും പ്രതികൾ നിലപാട് സ്വീകരിച്ചു.

ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ മുമ്പാകെ ഹാജരാക്കിയാൽ എത് വിദഗ്ദ്ധൻ പരിശോധിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും പ്രതിഭാഗം വഴങ്ങിയില്ല. പരിശോധനക്ക് അയക്കാത്ത ഫോണുകളെങ്കിലും ഹാജരാക്കാമോ എന്ന ആവശ്യവും പ്രതിഭാഗം നിരസിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഫോണുകൾ ആവശ്യപ്പെടുന്നതിൽ തടസ്സമില്ലന്നാണ് അഭിപ്രായമെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദത്തിനായി ആണ് കേസ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

പ്രതികൾ ക്രൈംബ്രാഞ്ചിനു മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിന് വിധേയമാകണമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നുമായിരുന്നു കോടതിയുടെ മുൻ ഉത്തരവ്. പിന്നീട് ചോദ്യം ചെയ്യലിൽ ലഭിച്ച തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയിരുന്നു. ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും പ്രതികൾ വിസമ്മതിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ അടിയന്തിര വാദം ആവശ്യപ്പെട്ടത്.

ദിലീപ്‌ അടക്കം പ്രതികൾ 
ഫോൺ മാറ്റിയത്‌ ഈ മാസം
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകൾ മാറ്റിയെന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷകസംഘം കോടതിയിൽ പറഞ്ഞു.  ദിലീപിന്റെ ഫോൺ ഹാജരാക്കാൻ നിർദേശം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രോസിക്യൂഷൻ വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്‌ പുതിയ വഴിത്തിരിവിലെത്തിയത്‌. സ്വകാര്യതയെ ബാധിക്കുന്നതിനാൽ ഫോൺ നൽകാനാകില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്‌ ദിലീപ്‌.

ജനുവരി ആദ്യവാരം ഇവർ ഫോൺ മാറി. പുതിയ ഫോണുകളിൽ അന്വേഷണത്തിന് സഹായകമാകുന്ന തെളിവുകളില്ല. ഫോണുകൾ മാറ്റിയതിലൂടെ പ്രതികൾ തെളിവ് നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവർ കബളിപ്പിക്കാൻ ശ്രമിച്ചെന്ന് വിലയിരുത്തി അറസ്റ്റിൽനിന്നുള്ള സംരക്ഷണം പിൻവലിക്കണമെന്നും വെള്ളിയാഴ്‌ചത്തെ ഉപഹർജിയിലുണ്ട്‌. ദിലീപ് ഉൾപ്പെടെ പ്രതികൾ നേരത്തേ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ ഉൾപ്പെടെയുള്ള രേഖകൾ സഹിതമാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ, ഫോണ്‍ താന്‍ നേരിട്ട് ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് പരിശോധിക്കുകയാണെന്ന്‌ ദിലീപ്‌ പറഞ്ഞു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണിത്‌. അവര്‍ നല്‍കുന്ന വിവരം കോടതിക്ക്‌ നല്‍കാം. താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നെന്ന്‌ വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമം. ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാനദിവസമാണ്‌. മുൻ ഭാര്യയുമായുള്ള സംഭാഷണങ്ങളടക്കം ഫോണിലുണ്ട്‌. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ പല കാര്യങ്ങൾക്കും ഈ ഫോണാണ്‌ ഉപയോഗിക്കുന്നത്‌. ഫോണ്‍ കൈമാറുന്നത് ബാലചന്ദ്രകുമാറിനും പ്രോസിക്യൂഷനും കേസ് വഴിതിരിച്ചുവിടാന്‍ സഹായകമാകുമെന്നും ദിലീപ് വാദിച്ചു.

ഗൂഢാലോചനക്കേസിൽ 
ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു
നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപും മറ്റും ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്‌പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്‌ച മൊഴിയെടുത്തത്. ദിലീപിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലൂടെ സാധിക്കുമെന്ന്‌ ക്രൈംബ്രാഞ്ച്‌ വിലയിരുത്തുന്നു.

ദിലീപ് അടക്കം അഞ്ച്‌ പ്രതികളെ മൂന്നുദിവസം ചോദ്യം ചെയ്‌തിരുന്നു. ഇതിൽനിന്ന്‌ ലഭിച്ച സൂചനകൾക്കൊപ്പം കേസിൽ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകാൻ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷകസംഘം ഉദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. തനിക്കെതിരെ ബാലചന്ദ്രകുമാർ ഇറക്കിയ ശബ്ദരേഖകൾ എഡിറ്റ് ചെയ്‌തെടുത്തതാണെന്നാണ് ദിലീപിന്റെ ആരോപണം. ശബ്ദരേഖകളുടെ യഥാർഥ പകർപ്പ്‌ ക്രൈംബ്രാഞ്ച് ബാലചന്ദ്രകുമാറിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top