20 April Saturday

ഫോൺ മോഷണം ആരോപിച്ച് അപമാനിച്ചത്‌ ചെറുതായി 
കാണാനാവില്ല: കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021


കൊച്ചി
ആറ്റിങ്ങലിൽ മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് വനിതാ കോൺസ്റ്റബിൾ വിദ്യാർഥിനിയെ പരസ്യമായി അപമാനിച്ച സംഭവം ചെറുതായി കാണാനാകില്ലെന്ന് ഹൈക്കോടതി. ആരോപണവിധേയായ പൊലീസുകാരിക്ക് ഡിജിപി വഴി കോടതി നോട്ടീസ്‌ അയച്ചു. എന്തുനടപടി സ്വീകരിച്ചുവെന്ന് ഡിജിപി കോടതിയെ അറിയിക്കണം.

പൊലീസ് ഓഫീസർക്ക് കുട്ടിയെ ചോദ്യം ചെയ്യാനാകുമോ എന്നും  പൊലീസുകാരിക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു.  പൊലീസുകാരിയെ സ്ഥലം മാറ്റിയെന്നാണ് അറിയുന്നതെന്ന് സർക്കാർ അറിയിച്ചു.

അമ്പത് ലക്ഷം നഷ്ടപരിഹാരവും വനിതാ കോൺസ്റ്റബിളിനെതിരെ നടപടിയും ആവശ്യപ്പെട്ട് കണിയാപുരം എൽപി സ്കൂൾ വിദ്യാർഥിനി പ്രിയദർശനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. മാനസികാഘാതത്തിന് ചികിത്സതേടേണ്ടിവന്നുവെന്ന് പെൺകുട്ടി അറിയിച്ചു.

ബഹിരാകാശ കേന്ദ്രത്തിലേക്ക് യന്ത്രഭാഗങ്ങൾ കൊണ്ടുപോകുന്നത് കാണാൻ അച്ഛനൊപ്പം പോയ പെൺകുട്ടിയെ, ആഗസ്‌ത്‌ 27ന് പിങ്ക് പൊലീസിന്റെ വാഹനത്തിൽനിന്ന് ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി കള്ളിയെന്ന് വിളിച്ചെന്നും സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധന നടത്തിയെന്നും ഹർജിയിൽ പറയുന്നു. ഇതിനിടെ ഫോൺ വാഹനത്തിൽനിന്ന് ലഭിച്ചു. പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥയെ അവരുടെ സൗകര്യാർഥം സ്ഥലംമാറ്റിയെന്നും ഹർജിയിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top