05 December Tuesday

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിന് തിരിച്ചടി ; ശിക്ഷാവിധിയിൽ സ്റ്റേയില്ലെന്ന് ഹെെക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023


കൊച്ചി
വധശ്രമക്കേസിൽ ലക്ഷദ്വീപ്‌ എംപി മുഹമ്മദ്‌ ഫൈസൽ അടക്കമുള്ള നാലുപേർ കുറ്റക്കാരാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി സ്‌റ്റേ ചെയ്‌തില്ല.  എന്നാൽ, നാല്‌ പ്രതികൾക്കും കവരത്തി കോടതി വിധിച്ച 10 വർഷം തടവുശിക്ഷ  ഹൈക്കോടതി മരവിപ്പിച്ചു. മുഹമ്മദ് ഫൈസലിന്റെ ക്രിമിനൽ പ്രവൃത്തിക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയാണ്, കുറ്റവാളിയാണെന്ന കണ്ടെത്തൽ മരവിപ്പിക്കണമെന്ന ആവശ്യം കോടതി നിരസിച്ചത്‌. അത്യപൂർവവും പ്രത്യേക സാഹചര്യവും നിലവിലുണ്ടെങ്കിലേ കുറ്റവാളിയെന്ന കണ്ടെത്തൽ മരവിപ്പിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.   

വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ കുറ്റവും ശിക്ഷയും മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രതികളായ മുഹമ്മദ്‌ ഫൈസൽ, സയിദ്‌ മുഹമ്മദ്‌ നൂറുൽ അമീൻ, മുഹമ്മദ്‌ ഹുസൈൻ തങ്ങൾ, മുഹമ്മദ്‌ ബഷീർ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ്‌ എൻ നഗരേഷ് പരിഗണിച്ചത്. 

ശിക്ഷ സ്‌റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന കണ്ടെത്തലുള്ളതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസൽ അയോഗ്യനാകും. കുറ്റക്കാരനെന്ന കണ്ടെത്തൽകൂടി സ്‌റ്റേ ചെയ്താലേ ജനപ്രതിനിധിക്ക് തൽസ്ഥാനത്ത്‌ തുടരാനാകൂ.

മുൻ കേന്ദ്രമന്ത്രിയായ പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ്‌ ഫൈസൽ അടക്കമുള്ളവർക്ക്‌ കവരത്തി കോടതി തടവുശിക്ഷ വിധിച്ചത്‌. വിചാരണക്കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടർന്ന്‌ മുഹമ്മദ്‌ ഫൈസൽ എംപി സ്ഥാനത്ത്‌ തുടർന്നു. എന്നാൽ, സ്വാലിഹും ലക്ഷദ്വീപ്‌ അധികൃതരും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രീംകോടതി ഫൈസലിന്റെ അപ്പീൽ ഹർജി ആറാഴ്‌ചയ്‌ക്കകം പുനഃപരിശോധിക്കാൻ ഹൈക്കോടതിയോട്‌ നിർദേശിച്ചു, എംപിയെ അയോഗ്യനാക്കിയതുമില്ല. സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ്‌ ജസ്റ്റിസ്‌ എൻ നഗരേഷ്‌ അധ്യക്ഷനായ സിംഗിൾ ബെഞ്ച്‌ ഹർജി വീണ്ടും പരിഗണിച്ചത്‌. 

2009 ഏപ്രിലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിലാണ് സ്വാലിഹിനുനേരെ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലെ ക്രിമിനൽവൽക്കരണം  ജനാധിപത്യസംവിധാനത്തിലെ പ്രധാന ആശങ്കയാണെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി വന്നിട്ടില്ലെങ്കിലും മറ്റ് മൂന്ന് കേസുകളിൽകൂടി മുഹമ്മദ് ഫൈസൽ പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top