25 April Thursday

മാധ്യമങ്ങളിലൂടെ മൊഴി പുറത്തുവിടൽ; കർശന നടപടിയെന്ന്‌ ഹൈക്കോടതി

സ്വന്തം ലേഖകൻUpdated: Friday Oct 16, 2020

കൊച്ചി> ക്രിമിനൽ കേസിൽ അന്വേഷണ വിശദാംശങ്ങൾ പുറത്തുവിട്ട പൊലീസിനും മാധ്യമങ്ങൾക്കും  ഹൈക്കോടതിയുടെ അന്ത്യശാസനം. കോടതിയുടെ പരിഗണനയിലുള്ള കേസിലെ മൊഴി വെളിപ്പെടുത്തുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കുറ്റകരമാണ്‌. തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കർശന മുന്നറിയിപ്പ് നൽകിയത്‌. തെളിവുനിയമത്തിലെ വകുപ്പ് 24പ്രകാരം പ്രതി പൊലീസിനു നൽകുന്ന കുറ്റസമ്മതമൊഴി തെളിവായി  സ്വീകരിക്കാറില്ല. പൊലീസിനും മാധ്യമങ്ങൾക്കും ഇക്കാര്യം മനസ്സിലായിട്ടില്ലേ എന്നും കോടതി ചോദിച്ചു. കൂടത്തായി കേസിൽ പ്രതിയെ ചോദ്യം ചെയ്ത ഓരോ വിവരവും  ദിവസവും മാധ്യമങ്ങളിൽ വന്നു. ഈ വിവരങ്ങൾ

എവിടെ നിന്നാണ്‌ ലഭിക്കുന്നത്‌. കസ്റ്റഡിയിലുള്ള പ്രതി നൽകുന്ന വിവരം ഉദ്യോഗസ്ഥർ പുറത്തുവിടുന്നത് കോടതിയലക്ഷ്യമാണ്. കോടതി വിധി പറയുമ്പോൾ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് വിധിയിൽ സംശയമുണ്ടാകാൻ ഇത്‌ ഇടയാക്കും. കോടതിയുടെ വിശ്വാസ്യതയെ തന്നെ ഇത്‌ ബാധിക്കും. ഇക്കാര്യത്തിൽ അവസാനം ഉണ്ടായേ തീരൂ.
 
ബ്രേക്കിങ്‌ ന്യൂസും ചർച്ചയും നടത്തുമ്പോൾ തെളിവുനിയമം എന്താണെന്ന് അറിയാൻ മാധ്യമങ്ങൾ ശ്രമിക്കണം. നിലവിലുള്ള മാർഗനിർദേശം‌ പാലിക്കാത്തവരെ കൈകാര്യം ചെയ്യാൻ അറിയാം. തുടർന്നാൽ മാധ്യമങ്ങൾക്കെതിരെ കർശന നടപടിയും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയും എടുക്കുമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ കൈമാറാനും കോടതി ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top