29 March Friday

ഹോട്ടൽ ജീവനക്കാർക്ക്‌ ഹെൽത്ത് കാർഡ്‌ നിർബന്ധം ; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരും

സ്വന്തം ലേഖികUpdated: Tuesday Jan 31, 2023


തിരുവനന്തപുരം
ബുധൻ മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരും. ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാർക്കും 15നകം ഹെൽത്ത് കാർഡ് ഹാജരാക്കുവാൻ നിർദേശം നൽകും. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ്‌ റദ്ദാക്കും.

രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ച വ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.

അടപ്പിച്ച സ്ഥാപനം തുറക്കുമ്പോൾ ജീവനക്കാർക്കെല്ലാം രണ്ടാഴ്ചയ്ക്കകം ഭക്ഷ്യസുരക്ഷാ പരിശീലനം നേടണം. ഒരു മാസത്തിനകം ഹൈജീൻ റേറ്റിങ് രജിസ്റ്റർ ചെയ്ത്‌ സത്യപ്രസ്താവന ഹാജരാക്കണം. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സൽ നിരോധിച്ചിട്ടുണ്ട്‌. ബുധൻമുതൽ ഇതും നിർബന്ധമാണ്‌. മയോണൈസിനും നിരോധനമുണ്ട്‌. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജൻസ്) സ്ഥാപനങ്ങളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തും.

ഒരുമാസം സമയം വേണമെന്ന്‌ ബേക്ക്
ഭക്ഷ്യോൽപ്പാദനമേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്‌ നടപ്പാക്കാൻ 30 ദിവസംകൂടി സമയം നൽകണമെന്ന്‌ ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) ആവശ്യപ്പെട്ടു. പരിമിത സമയത്തിനുള്ളിൽ കേരളത്തിലെ ഇരുപതിനായിരത്തിലേറെ ബേക്കറികളിലും ബോർമകളിലും ജോലിയെടുക്കുന്ന ഒരുലക്ഷത്തിലധികം ജീവനക്കാർക്ക് കാർഡ് എടുക്കുന്നത്‌ പ്രായോഗികമല്ല. ഹെൽത്ത് കാർഡ് മാനദണ്ഡങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നും അവ്യക്തതകൾ പരിഹരിക്കണമെന്നും സംസ്ഥാന കമ്മിറ്റിയുടെ അടിയന്തരയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മാർച്ചിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ ഫുഡ് എക്‌സിബിഷനിൽ കേരളത്തിൽനിന്ന് 1000 പ്രതിനിധികളെ പങ്കെടുപ്പിക്കാനും മേയിൽ എറണാകുളത്ത് എക്‌സ്‌പോ നടത്താനും യോഗം തീരുമാനിച്ചു. ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് പി എം ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബേക്ക്‌ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സന്തോഷ് പുനലൂർ, ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, ഓർഗനൈസിങ്‌ സെക്രട്ടറി മുഹമ്മദ് ഫൗസീർ, കിരൺ എസ് പാലയ്ക്കൽ, ബിജു പ്രേം ശങ്കർ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top