23 April Tuesday
മഴകനത്തു; രണ്ടു മരണം, ഒരാളെ കാണാതായി

സംസ്ഥാനത്ത്‌ അതിതീവ്രമഴ; 7 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലെർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022


തിരുവനന്തപുരം > സംസ്ഥാനത്ത്‌ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. 20 സെന്റീ മീറ്ററിൽ കൂടുതൽ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി പടിഞ്ഞാറേക്ക്‌ സഞ്ചരിക്കുന്നതിന്റെ സ്വാധീനത്തിലാണിത്‌. തിങ്കൾ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ ഓറഞ്ച്‌ അലെർട്ടാണ്‌. വയനാട്‌, കാസർകോട്‌ ഒഴികെ മഞ്ഞ അലെർട്ടും. ചൊവ്വ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിൽ ഓറഞ്ച്‌ അലെർട്ടാണ്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ റെഡ്‌ അലെർട്ടിനു സമാന ജാഗ്രത വേണം.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴ കനക്കുന്നത്. ഇന്ന് കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതൽ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്.

സംസ്ഥാനത്ത്‌ മഴ കനത്തതോടെ  എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. രണ്ടുപേരെ കാണാതായി. റാന്നി കൊല്ലമുള്ള വില്ലേജിൽ  ബൈക്ക്‌ ഒഴുക്കിൽപെട്ട്‌  അദ്വൈത്‌ എന്ന യുവാവ്‌ മരിച്ചു.  സഹയാത്രികൻ   സാമുവൽ അത്‌ഭുതകരാമയി രക്ഷപ്പെട്ടു. കൊല്ലം കുംഭാവുരുട്ടിയിൽ മധുര സ്വദേശിയാണ്‌ മരിച്ചത്‌. ഇടുക്കി മൂലമറ്റം, കോട്ടയം മൂന്നിലവ്‌ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. മൂന്നിലവിൽ ഒരാളെ കാണാതായി. . ആലുവയിൽ കുളിക്കാനിറങ്ങിയ നിസാമുദ്ദീൻ എന്ന യുവാവും ഒഴിക്കിൽപെട്ടു. കനത്ത മഴയെ തുടർന്ന്‌ സംസ്ഥാനത്ത്‌ ജാഗ്രത പ്രഖ്യാപിച്ചു.

കാലവർഷം പകുതിയായി
കാലവർഷം പകുതിയായപ്പോൾ 26 ശതമാനം മഴ കുറവാണ്‌. ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ 1301.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 961.1 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌. ജൂണിൽ 52 ശതമാനമായിരുന്നു മഴക്കുറവ്‌. ജൂലൈയിൽ 653.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 652.6 മില്ലി മീറ്റർ മഴ ലഭിച്ചു. 0.12 ശതമാനം മഴക്കുറവ്‌.

മീൻപിടിക്കാൻ ഇറങ്ങരുത്‌
അറബിക്കടലിൽ ഉയർന്ന തിരമാലയ്‌ക്ക്‌ സാധ്യത ഉള്ളതിനാൽ വ്യാഴംവരെ മീൻപിടിത്തത്തിനു പോകരുത്‌. ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തിൽ ഫിഷറീസ് വകുപ്പിനോടും കോസ്റ്റ് ഗാർഡിനോടും പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകി. വേലിയേറ്റസമയത്ത്‌ വെള്ളം കയറാൻ സാധ്യതയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top