25 April Thursday

വീണ്ടും ചക്രവാതച്ചുഴി: ഞായർവരെ സംസ്ഥാനത്ത്‌ മിന്നലോടെ മഴ; തുലാവർഷം 26ന്‌

സ്വന്തം ലേഖകൻUpdated: Wednesday Oct 20, 2021


തിരുവനന്തപുരം > തെക്കൻ തമിഴ്‌നാട്‌ തീരത്ത്‌ ചക്രവാതച്ചുഴി രൂപംകൊണ്ട സാഹചര്യത്തിൽ ഞായർവരെ സംസ്ഥാനത്ത്‌ മിന്നലോടെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ്‌ വീശാനിടയുണ്ടെന്നും കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. വ്യാഴാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) തിരുവനന്തപുരം, കൊല്ലം, എറണാകുളം,  തൃശൂർ, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടു (ശക്തമായ മഴ)മാണ്‌. വെള്ളിയാഴ്‌ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനി കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. നിലവിൽ മഞ്ഞ, ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും മലയോരത്തും ദുരന്തസാധ്യതയുള്ളിടത്തും അതീവ ജാഗ്രത പുലർത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലാവസ്ഥാവകുപ്പിന്റെ കൊച്ചി റഡാർ ഇമേജിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലയിലെ മലയോരപ്രദേശങ്ങൾ, തിരുവനന്തപുരം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്‌. അണക്കെട്ട്‌ തുറന്നുവിട്ട ദിവസങ്ങളിൽ റൂൾ കർവ് നിരീക്ഷിക്കുന്ന വിദഗ്ധസമിതി യോഗം ചേർന്ന് ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്‌. എല്ലാ ജില്ലയിലും സംസ്ഥാന, ദേശീയ സേനയെ വിന്യസിച്ചിട്ടുണ്ട്. അടുത്തയാഴ്ച തുലാവർഷം ആരംഭിക്കാനിടയുള്ളതിനാൽ കരുതലും ജാഗ്രതയും തുടരും. പ്രതീക്ഷിക്കാത്തിടത്താണ്‌ അപകടമുണ്ടാകുന്നത്. അവയുടെ ആഘാതം കുറയ്ക്കാനും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാനും ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുലാവർഷം 26ന്‌
ഇരുപത്താറോടെ കാലവർഷം പൂർണമായി പിൻവാങ്ങാനിടയുണ്ടെന്ന്‌ കാലാവസ്ഥാവകുപ്പ്‌. അന്നുതന്നെ തുലാവർഷം ആരംഭിക്കും. തുലാവർഷം പ്രഖ്യാപിച്ചില്ലെങ്കിലും തുലാവർഷ കണക്കിൽ സംസ്ഥാനത്ത്‌ ലഭിക്കേണ്ട 92.24 ശതമാനം മഴ ഒക്ടോബറിലെ ആദ്യ 19 ദിവസം ലഭിച്ചു. 19 വരെ 192.7 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 453.5 മില്ലീ മീറ്റർ മഴയാണ്‌ ലഭിച്ചത്‌. ഇത്‌ 135 ശതമാനം അധികമാണ്‌. കോഴിക്കോട്ടാണ്‌ കൂടുതൽ ലഭിച്ചത്‌–- -215 ശതമാനം അധികമഴ. കുറവ്‌ ആലപ്പുഴയിലും 59 ശതമാനം.

കാലാവസ്ഥാ പ്രവചനത്തിൽ പരിമിതിയുണ്ട്‌
കാലാവസ്ഥാ പ്രവചനത്തിൽ പരിമിതിയുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വകുപ്പ്‌ അവർ മനസ്സിലാക്കുന്നവയാണ്‌ പ്രവചിക്കുന്നത്‌. ചില ഘട്ടങ്ങളിൽ ചില കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്‌. കൈയിലുള്ള സാങ്കേതികവിദ്യ വച്ച്‌ അത്രയേ പറ്റുന്നുള്ളു. മനഃപൂർവമല്ല. കുറ്റപ്പെടുത്തുന്നില്ല. ഒരു പ്രദേശത്ത്‌ അധിക മഴ പ്രത്യേകം പ്രവചിക്കാനാകുന്നില്ല. സാങ്കേതികവിദ്യ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top