11 May Saturday

അതിതീവ്ര മഴ: 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

തിരുവനന്തപുരം> കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിതീവ്ര മഴയുടെ ഭാ​ഗമായി 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്‌ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ്  എന്നീ ജില്ലകളിൽ ആഗസ്റ്റ്  2, 3 തീയതികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.

ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും സംസ്ഥാനത്ത് ആവശ്യമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  മഴമാപിനികളിൽ തൃശൂർ, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുള്ളത് . കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം , കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെയും ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിക്കുകയുണ്ടായി.

നദികളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സഹാചര്യത്തിൽ നദികളുടെ കരകളിലുള്ള ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും ചെയ്തു വരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകളിൽ  ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്. മാറിത്താമസിക്കാൻ ആരും വിമുഖത കാണിക്കരുതെന്നും അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുകയാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.  ദേശീയ ദുരന്ത നിവാരണ സേനയുടെ 9  സംഘങ്ങൾ  ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂർ, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോപ്സിന്റെ രണ്ടു യൂണിറ്റ് കണ്ണൂർ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തു അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കാൻ നിയോഗിച്ച കമ്മിറ്റി ജലനിരപ്പ് കൃത്യമായി സ്ഥിഗതികൾ അവലോകനം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ  റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ജില്ലകളിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.

മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാദ്ധ്യതയുള്ളതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ, മരങ്ങൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കി അപടമൊഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മുന്നിൽ കണ്ടുകൊണ്ട് ദുരന്ത സാധ്യത പ്രദേശങ്ങളിൽ മണ്ണുമാന്തികൾ, ഹിറ്റാച്ചി, മറ്റ് യന്ത്ര സാമഗ്രികൾ തുടങ്ങിയവ മുൻകൂറായി പ്രത്യേകം സജ്ജമാക്കി നിർത്തേണ്ടതുണ്ട്. കരകവിഞ്ഞൊഴുകുന്ന ജലാശയങ്ങൾ റോഡുകളിലെ യാത്രക്കാരെ അപകടത്തിലാക്കുന്ന സാഹചര്യമുള്ളതിനാൽ അതീവ ശ്രദ്ധ അനിവാര്യമാണ്. കനാലുകൾ, തോടുകൾ, പാടങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവയോട് ചേർന്ന് കൊണ്ടുള്ള റോഡുകളിൽ അപകട സൂചകങ്ങൾ സ്ഥാപിക്കേണ്ടതും യാത്രികർക്ക് കൃത്യമായ മുന്നറിയിപ്പ് നല്കാൻ വേണ്ട സജ്ജീകരണം ഒരുക്കേണ്ടതുമാണ്.

വൈദ്യുത കമ്പികളുടേയും മറ്റ് ഉപകരണങ്ങളുടെയും സുരക്ഷ ബന്ധപ്പെട്ട വകുപ്പ് ഉറപ്പു വരുത്തണം. ഇവ തകരുന്നത് വഴി അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട തയ്യാറെടുപ്പ് പൂർത്തീകരിക്കണം. മലയോര മേഖലയിലേക്കും ജലാശയങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. അപകട സാധ്യതയുള്ള മലയോര മേഖലയിലെ രാത്രി ഗതാഗതവും നിയന്ത്രിക്കേണ്ടതാണ് തുടങ്ങിയ നിർദ്ദേശങ്ങൾ  കൃത്യമായി പാലിക്കേണ്ടതാണ്. രാത്രികാലങ്ങളിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. ലയങ്ങൾ കോളനികൾ എന്നിവിടങ്ങളിലെ മുന്നറിയിപ്പുകൾ എത്തിക്കാനും ആവശ്യമായ സമയത്തു മാറ്റിപ്പാർപ്പിക്കാനുമുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ടതാണ്. കടൽ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അവരുടെ മൽസ്യബന്ധനോപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

നിലവിൽ സംസ്ഥാനത്തു 47 ക്യാമ്പുകളിലായി 757 ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നിലവിൽ പല ജില്ലകളിലും ദുരന്തസാധ്യത പ്രദേശങ്ങളിൽ നിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപെട്ട് ക്യാമ്പുകൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രത്യേക പരിഗണന അർഹിക്കുന്ന ആൾക്കാർ എന്നിവരക്കുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും നിർദേശം നൽകേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top