തിരുവനന്തപുരം> സംസ്ഥാനത്ത് തുടരുന്ന കനത്ത കാറ്റിലും മഴയിലും ഞായറാഴ്‌ച പത്ത് വീട് തകർന്നു. എറണാകുളത്ത് മരം വീണ് അഞ്ചും ആലപ്പുഴയിൽ മൂന്നും കോഴിക്കോട് എടച്ചേരി പഞ്ചായത്തിൽ രണ്ടും വീടാണ് തകർന്നത്. ശനി മുതൽ ഞായർവരെ 30.18 ഹെക്ടർ കൃഷി നശിച്ചു. 45.88 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. കൊച്ചിയിൽ ഒരു ദുരിതാശ്വാസക്യാമ്പ് തുറന്നു. 39 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൈപ്പിൻ–-മുനമ്പം സംസ്ഥാനപാതയിൽ മരംവീണ് ആറുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിൽ താഴ്‌ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. തൃശൂർ കൊടകരയിൽ 20 വീട്ടിൽ വെള്ളം കയറി. താമസക്കാരെ കൊടകര എൽപി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.എറിയാട് എൽപി സ്‌കൂളിലും ക്യാമ്പ് ആരംഭിച്ചു.
ആലപ്പുഴ അപ്പർകുട്ടനാട്ടിൽ നെല്ല് സംഭരണത്തെ മഴ കാര്യമായി ബാധിച്ചു. തോട്ടപ്പള്ളി സ്‌പിൽവേയിലെയും തണ്ണീർമുക്കം ബണ്ടിലെയും മുഴുവൻ ഷട്ടറും തുറന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടും. തോട്ടപ്പള്ളി പൊഴിയിലൂടെ 100 മീറ്റർ വീതിയിൽ വെള്ളം ഒഴുകുന്നുണ്ട്. കോഴിക്കോട് മലയോരമേഖലയിൽ മൂന്നുദിവസമായി മഴ ശക്തം. പുഴകളിൽ ജലനിരപ്പുയർന്നു.
റെക്കോഡ് പെയ്‌ത്ത് ശനി രാവിലെമുതൽ ഞായർ രാവിലെവരെ സംസ്ഥാനത്ത് പെയ്‌തത് റെക്കോഡ് മഴ. ശരാശരി 52 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലുവയിലാണ് (226 മില്ലീമീറ്റർ). കൊടുങ്ങല്ലൂർ -200, തൃപ്രയാർ 190 മില്ലീമീറ്റർ. 39 മഴസ്റ്റേഷനിൽ 100 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. വയനാട് രണ്ടാഴ്‌ചയ്‌ക്കുള്ളിൽമാത്രം 115 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. മാർച്ച് ഒന്നുമുതൽ മെയ് 15വരെ 326.8 മില്ലീമീറ്റർ മഴയാണ് പെയ്‌തത്.
ഈ ജില്ലകളിൽ മഴ കനക്കും
തിങ്കൾ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്തും പാലക്കാട്ടും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്തുനിന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻപിടിത്തത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..