25 April Thursday

ലക്ഷ്യം ആരോഗ്യമേഖലയിൽ കൂടുതൽ പുരോഗതി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

തിരുവനന്തപുരം
ആരോഗ്യമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്ക്‌ കുതിക്കാൻ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ഡബ്ല്യുഎച്ച്‌ഒ, യുണിസെഫ്, സിഡിസി കേരള, ക്യൂർ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന്‌ പ്രത്യേക ശ്രദ്ധയുള്ള പരിപാടികൾ ആവിഷ്‌കരിക്കണം. വികസിത രാഷ്ട്രങ്ങളോട്‌ കിടപിടിക്കത്തക്ക നിലയിലാണ്‌ കേരളത്തിന്റെ ആരോഗ്യമേഖല. ഇതിൽ മതിമറന്ന് ഇരിക്കലല്ല നാം ഉദ്ദേശിക്കുന്നത്. ജീവിതശൈലീ രോഗങ്ങളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന്.

നവജാതശിശുക്കളിലെ തൂക്കക്കുറവും പ്രശ്നമാണ്‌. 12 ശതമാനം പേർക്ക്‌ തൂക്കക്കുറവുണ്ടെന്നാണ്‌ കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി ‘ക്യാമ്പയിൻ 12' എന്ന പരിപാടി കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ചിട്ടുണ്ട്. ക്ലബ്ഫൂട്ടും (കാൽപ്പാദം എതിർദിശയിൽ വളരുന്നത്‌) ശിശുക്കളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ പൂർണമായി ക്ലബ്ഫൂട്ട് വിമുക്തമാക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. നിലവിൽ ഏഴു ക്ലബ്ഫൂട്ട് ക്ലിനിക്കാണ്‌ സർക്കാർ ആശുപത്രികളിലുള്ളത്. 37 എണ്ണംകൂടി തുറക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. എൻഎച്ച്എം മിഷൻ ഡയറക്ടർ വികാസ് ഷീൽ, യുണിസെഫ് ഇന്ത്യ ചീഫ് ഓഫ് ഹെൽത്ത് ലൂയിഗി ഡി അക്വിനോ, ഡോ. ബി ഇക്ബാൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top