29 March Friday
കോവിഡ്‌ ബാധിതരെ അടുത്ത്‌ പരിചരിക്കുന്നവർക്ക്‌ മാത്രം സമ്പർക്കവിലക്ക്‌

കോവിഡ് വ്യാപനത്തോത് കുറഞ്ഞു; സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

തിരുവനന്തപുരം > സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മൂന്നാം തരംഗത്തിലെ പ്രതിരോധം ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന് തീവ്രത കുറവാണ്. ഈയൊരു ഘട്ടത്തില്‍ സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട. കോവിഡ് രോഗിയെ പരിചരിക്കുന്ന ആളിന് മാത്രം ക്വാറന്റൈന്‍ മതിയെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഈ ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസം നല്‍കുതാണെങ്കിലും മൂന്നാഴ്ച ശ്രദ്ധിക്കണം.

മെഡിക്കല്‍ ഫ്രൊഫഷണലുകള്‍, റിട്ടയര്‍ ചെയ്‌ത ഡോക്‌ടര്‍മാര്‍ എന്നിവരുടെ വോളണ്ടിയറി സേവനം അഭ്യര്‍ത്ഥിക്കുന്നു. വോളണ്ടിയര്‍ സേവനം നല്‍കാന്‍ സന്നദ്ധരായ ഡോക്‌ടര്‍മാര്‍ക്ക് ടി.സി.എം.സി. താത്ക്കാലികമോ സ്ഥിരമോയായ രജിസ്‌‌ട്രേഷനുള്ളവരായിരിക്കണം. രണ്ട് മാസത്തേക്കാണ് ഇവരുടെ സേവനം തേടുന്നത്. ടി.സി.എം.സി. താത്ക്കാലിക രജിസ്‌‌ട്രേഷന്‍ ഉള്ള ഡോക്‌ടര്‍മാര്‍ക്കും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇങ്ങനെ സേവനമനുഷ്‌ഠിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ പ്രൊഫഷണല്‍ പൂള്‍ രൂപീകരിക്കുന്നതാണ്. ജില്ലയിലെ വിരമിച്ച ഡോക്‌ടര്‍മാര്‍, സീനിയര്‍ ഡോക്‌ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ടെലി മെഡിസിന്‍ സംവിധാനം സജ്ജമാക്കും.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍, കോവിഡ് ബാധിതരായ സ്ത്രീകള്‍, പ്രായമായ സ്ത്രീകള്‍, മറ്റുള്ളവര്‍ കോവിഡ് ബാധിച്ചതിനാല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ എന്നിവരെ അങ്കണവാടി ജീവനക്കാര്‍ ഫോണില്‍ വിളിച്ച് സഹായം ഉറപ്പാക്കുന്നു. ഇവര്‍ ബന്ധപ്പെട്ടവരെ അറിയിച്ച് ഭക്ഷണം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ ഉറപ്പാക്കുന്നു.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും ഫീല്‍ഡ് സ്റ്റാഫുകള്‍ ആ പ്രദേശത്തുള്ള കോവിഡ് രോഗികളെ ഫോണില്‍ വിളിക്കും. ഇക്കാര്യം മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ചില്ലെങ്കില്‍ ദിശ 104, 1056, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയില്‍ വിളിച്ച് വിവരം അറിയിക്കണം. കിടപ്പ് രോഗികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കും. പാലിയേറ്റീവ് കെയര്‍ വോളണ്ടിയന്‍മാരെ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ ഏകോപിപ്പിക്കുന്നതാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഹോം ഐസൊലേഷന്‍ മെച്ചപ്പെപ്പെടുത്തിയാല്‍ കേസുകള്‍ കുറയും. തീവ്ര പരിചരണത്തിനൊപ്പം പ്രധാനമാണ് ഗൃഹ പരിചരണം. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ, പാലിയേറ്റിയവ് കെയര്‍ നഴ്‌സുമാര്‍, സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ഗൃഹ പരിചരണത്തില്‍ പരിശീലനം നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

വളന്ററി സേവനത്തിനിറങ്ങുന്നവർക്ക്‌ സർട്ടിഫിക്കറ്റ്‌
എംബിബിഎസ് ബിരുദധാരികളും ട്രാവൻകൂർ മെഡിക്കൽ കൗൺസിലിൽ താൽക്കാലികമോ സ്ഥിരമോ ആയ രജിസ്ട്രേഷൻ നേടിയിട്ടുള്ളവരുമായ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും വളന്ററി സേവനത്തിനിറങ്ങണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ അഭ്യർഥിച്ചു. രണ്ടുമാസത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് ആരോഗ്യവകുപ്പ് സർട്ടിഫിക്കറ്റ് നൽകും. ടെലിമെഡിസിൻ സംവിധാനം ശക്തമാക്കുന്നതിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം ഉപയോഗിക്കും.

ജനുവരിയിൽ 40,000 ആളുകൾ ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തി. കഴിവതും ഇ–- -സഞ്ജീവനി സംവിധാനം ഉപയോഗിക്കണം. കോവിഡ്  ബാധിതരായി ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾ, ഗർഭിണികൾ, പ്രായംചെന്നവർ, ആരോഗ്യപ്രശ്നമുള്ളവർ തുടങ്ങിയവരുടെ ആരോഗ്യനില യഥാസമയം അറിയുന്നതിന് അങ്കണവാടി വർക്കർമാരെ ചുമതലപ്പെടുത്തി. കോവിഡ് പോസിറ്റീവാകുന്ന എല്ലാവരുമായും അതത്‌ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടും. ഏതെങ്കിലും കാരണവശാൽ വിളിക്കാൻ കഴിയാതെപോയാൽ ദിശയുടെ 104, 1056 എന്നീ നമ്പരുകളിലും ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളിലും ബന്ധപ്പെടാം.  ആശുപത്രിയിൽ  പ്രവേശിപ്പിക്കുന്ന കാര്യങ്ങൾ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളജുകളിൽ കൺട്രോൾ റൂം വെള്ളിയാഴ്ച സജ്ജമായതായും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top