10 December Sunday
ആതുരമേഖലയിൽ കരുതലിന്റെ കൈയൊപ്പ്‌

പാലക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക്‌ പുതുമുഖം

ബിമൽ പേരയംUpdated: Sunday Sep 24, 2023

പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

പാലക്കാട്‌ > വികസനത്തിന്റെ പുതുമുഖത്തിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി. അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിലാണെങ്കിലും അറ്റകുറ്റപ്പണികൾക്കായും തുടർനവീകരണപ്രവർത്തനങ്ങൾക്കായും വർഷാവർഷങ്ങളിൽ കരുതലോടെ സർക്കാർ തുക നൽകിവരുന്നുണ്ട്‌. തിരുവനന്തപുരം തൈക്കാട്‌, എറണാകുളം മട്ടാഞ്ചേരി, വിഎച്ച്‌ കൊല്ലം, ആലപ്പുഴ, മലപ്പുറം പൊന്നാനി, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ മാങ്ങാട്ടുപറമ്പ്‌ എന്നീ ആശുപത്രികൾക്ക്‌ മൂന്നുകോടി രൂപ വിവിധ ഉപകരണങ്ങൾ വാങ്ങാൻ നൽകാനും കഴിഞ്ഞദിവസം ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു. ഓപ്പറേഷൻ തിയറ്ററിന്റെ നവീകരണം നടക്കുന്നതിനൊപ്പം ജില്ലയിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക്‌ പുതിയ ഉപകരണങ്ങൾ കൂടി അധികമായി ലഭിക്കും. 
 
പേവാർഡ്‌ നവീകരണം 
അന്തിമഘട്ടത്തിൽ
 
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പേവാർഡ്‌ തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ്‌ ആശുപത്രി അധികൃതർ. 
ഓപ്പറേഷൻ തിയറ്ററിന്റെ നവീകരണം നടക്കുമ്പോൾ അടിയന്തര സർജറികൾ മുടങ്ങാതിരിക്കാൻ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ഗൈനക്കോളജി ഒപി സംവിധാനവും പൂർത്തിയായി.
 
എൻഎച്ച്‌എം, ആശുപത്രി വികസന സമിതി എന്നിവയുടെ ഫണ്ടിൽനിന്ന്‌ 29 ലക്ഷം രൂപ ചെലവഴിച്ചുള്ള ടെയ്‌ലിങ്, സീലിങ്‌ ഉൾപ്പെടെയുള്ള നവീകരണം പുരോഗമിക്കുകയാണ്‌. ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽനിന്ന്‌ 80 ലക്ഷം രൂപ മരുന്നും ഉപകരണങ്ങളും വാങ്ങാനായി നൽകി. 28 ജീവനക്കാരാണ്‌ ആശുപത്രിയിലുള്ളത്‌. ഗൈനക്കോളജി വിഭാഗത്തിൽമാത്രം എട്ടു ഡോക്‌ടർമാരുടെ സേവനമുണ്ട്‌. കുട്ടികളുടെ വിഭാഗത്തിൽ മൂന്നുഡോക്‌ടർമാരുണ്ട്‌. അത്യാഹിത വിഭാഗത്തിലും മതിയായ ഡോക്‌ടർമാരെ വിന്യസിച്ചിട്ടുണ്ട്‌. 
 
അമ്മയും കുഞ്ഞും 
ഹാപ്പിയാണ്‌
 
നിത്യേന ഒപിയിൽ ഇരുനൂറോളം സ്‌ത്രീകളും അറുനൂറോളം കുട്ടികളും ചികിത്സതേടി എത്തുന്നുണ്ട്‌. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയിലൂടെ യാത്രാസഹായം ലഭിച്ചവർ അനവധിയാണ്‌. സർക്കാർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആകുമ്പോൾ ഇതുവരെ യാത്രയ്ക്ക് 500 രൂപ നൽകിയിരുന്നു. എന്നാൽ, ഇത് ദീർഘദൂരയാത്രയ്ക്ക് തികയാറില്ല. അതിനാലാണ് പണം നൽകുന്നത് നിർത്തി ടാക്‌സി ഏർപ്പാടാക്കാൻ തീരുമാനിച്ചത്. ടാക്‌സി ഉടമകളും സർക്കാരുമായുള്ള കരാർ അനുസരിച്ചാണ് പദ്ധതി നടത്തിപ്പ്. പദ്ധതിപ്രകാരം അഞ്ചുവാഹനങ്ങളാണ്‌ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളത്‌. കുട്ടികളുടെ പോഷക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും ശിശുക്കളുടെ ശരിയായ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് വേണ്ട അടിത്തറയൊരുക്കാനും പ്രത്യേക പദ്ധതികളാണുള്ളത്‌. ജനകീയ ഇടപെടലുകളും കരുതലുമായി സർക്കാർ മുന്നേറുമ്പോൾ ജില്ലയിലെ സർക്കാർ ആതുരാലയങ്ങളും തിളങ്ങുകയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top