19 April Friday

കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും ആരോഗ്യസുരക്ഷാ ഓഡിറ്റിങ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

നെടുമ്പാശേരി> കൊച്ചി വിമാനത്താവളത്തിലെ ടാക്സി കൗണ്ടറില്‍ ജീവനക്കാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കാന്‍ മൂന്നാംഘട്ട ആരോഗ്യസുരക്ഷാ ഓഡിറ്റിങ് നടത്തും. കൊച്ചി വിമാനത്താവളത്തില്‍ ടാക്സി സര്‍വിസ് നടത്തുന്ന സിയാല്‍ പ്രിപെയ്ഡ് ടാക്സി സൊസൈറ്റി നിയോഗിച്ച ഇമ്മാനുവേല്‍ ഏജന്‍സി എന്ന കരാര്‍ സ്ഥാപനത്തിലെ വനിതാ സൂപ്പര്‍വൈസര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ അതീവ കര്‍ശനമായ സജ്ജീകരണങ്ങളാണ് സിയാല്‍ ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുസംബന്ധിച്ച ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 24 ന് നേരിയ രോഗലക്ഷണം കണ്ടപ്പോള്‍ തന്നെ ഈ ജീവനക്കാരി, മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും തുടര്‍ന്ന് സ്ഥാപനം തന്നെ മുന്‍കൈയെടുത്ത് അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

  വിവിധ കരാര്‍, ഉപകരാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും സുരക്ഷാ വസ്ത്രങ്ങളും ഉപാധികളും സിയാല്‍ തന്നെ നല്‍കിയിട്ടുണ്ട്. ശുചീകരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഫേസ് ഷീല്‍ഡുകള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവ സിയാല്‍ നല്‍കുകയും ഇവര്‍ അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

നാലായിരത്തോളം പേര്‍ക്കാണ് ഫേസ് ഷീല്‍ഡുകള്‍ നല്‍കിയത്. എയ്റോബ്രിഡ്ജ് നിയന്ത്രിക്കുന്ന ജീവനക്കാര്‍, സി.ഐ.എസ്.എഫ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ മൂവായിരത്തോളം പേര്‍ക്ക് പി.പി.ഇ സ്യൂട്ടുകള്‍ നല്‍കി. ഇമിഗ്രേഷന്‍ മുതല്‍ പ്രിപെയ്ഡ് ടാക്സി കൗണ്ടര്‍ വരെയുള്ള ഇടങ്ങളില്‍ ജീവനക്കാരും യാത്രക്കാരും നേരിട്ട് ബന്ധപ്പെടാതിരിക്കാന്‍ ഗ്ലാസ് ഭിത്തികളും സംസാരിക്കാന്‍ മൈക്കും നല്‍കിയിട്ടുണ്ട്.

 മുഴുവന്‍ ടാക്സികളിലും ഡ്രൈവറും യാത്രക്കാരും തമ്മില്‍ നേരിട്ട് ബന്ധപ്പെടാതിരിക്കാന്‍ കമ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ രണ്ടുവട്ടം ഓഡിറ്റിങ് നടത്തി. പ്രതിദിനം രാജ്യാന്തര, ആഭ്യന്തര വിഭാഗങ്ങളില്‍ നാലായിരത്തോളം യാത്രക്കാരെ കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്യുന്നു. ഇതുവരെ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ അതീവ സുരക്ഷിതമായി കൊച്ചി വിമാനത്താവളത്തില്‍ എത്തി. കോവിഡ് സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാംവട്ട ആരോഗ്യ സുരക്ഷാ ഓഡിറ്റിങ് നടത്തുമെന്ന് സിയാല്‍ അറിയിക്കുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top