29 March Friday

പോരാട്ടത്തിന്റെ പുതുചരിത്രമെഴുതി ആത്മാഭിമാനസദസ്സ്‌

സ്വന്തം ലേഖകൻUpdated: Sunday Nov 28, 2021

കൊച്ചി > നഗരത്തിലെ ആശുപത്രികളിൽ ദിവസവും ശരാശരി അഞ്ചു കുപ്പി രക്‌തമെങ്കിലും നൽകി രക്‌തദാനത്തെ മഹാദാനമാക്കുന്നവർ. മഹാമാരിയിലും പ്രകൃതിദുരന്തങ്ങളിലും മുന്നണിപ്പോരാളികളായവർ. അപകടങ്ങളുണ്ടായാൽ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നവർ. കേരളത്തിന്റെ കരളുറപ്പായ ചുമട്ടുതൊഴിലാളികൾ. അവരെ അധിക്ഷേപിക്കാനും തൊഴിൽ ഇല്ലാതാക്കാനുമുള്ള നീക്കത്തിനെതിരായ ആത്മാഭിമാനസദസ്സ്‌ പോരാട്ടത്തിന്റെ പുതുചരിത്രമെഴുതി.
അഭിമാനത്തോടെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം ആർക്കും അടിയറവയ്‌ക്കില്ലെന്ന പ്രഖ്യാപനവുമായി ആയിരക്കണക്കിന്‌ തൊഴിലാളികൾ അണിനിരന്ന ആത്മാഭിമാനസദസ്സ്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്‌തു. 

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്‌ടിയു തൊഴിലാളി സംഘടനകൾ ഉൾപ്പെട്ട സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ എറണാകുളം   മറൈൻഡ്രൈവ്‌ ഹെലിപാഡ്‌ ഗ്രൗണ്ടിൽ നടന്ന സദസ്സിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ അധ്യക്ഷനായി.

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ദേശീയ കൗൺസിൽ അംഗം സി എൻ മോഹനൻ, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌, സെക്രട്ടറി പി ആർ മുരളീധരൻ, എസ്‌ടിയു സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. എം റഹ്‌മത്തുള്ള, അഡ്വ. കെ പി ഹരിദാസ്‌, കെ കെ ഇബ്രാഹിംകുട്ടി, കെ എൻ ഗോപി, കരീം പാടത്തിക്കര, കെ ജെ ജേക്കബ്‌, കെ എ നവാസ്‌ എന്നിവർ സംസാരിച്ചു. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി കെ എം അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു.
 

തൊഴിലാളിക്ഷേമ നിയമങ്ങൾ ഇല്ലാതാക്കാൻ അനുവദിക്കില്ല

കൊച്ചി > തൊഴിലാളികളെ സംരക്ഷിക്കാൻ നിയമസഭ പാസാക്കിയ നിയമങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം വകവച്ചുകൊടുക്കാനാകില്ലെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. നിയമപരമായുള്ള പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്ന്‌ പരിശോധിക്കാൻ ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട സബ്‌കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. ഇവരുടെ റിപ്പോർട്ട്‌ പഠിച്ചശേഷം തീരുമാനമെടുക്കും. തൊഴിലും അഭിമാനവും സംരക്ഷിക്കാൻ  എറണാകുളത്ത്‌ ചുമട്ടുതൊഴിലാളികൾ സംഘടിപ്പിച്ച ആത്മാഭിമാനസദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കുറ്റകരമായ പ്രവൃത്തികൾ ചുമട്ടുതൊഴിലാളികൾ ചെയ്യുന്നില്ല. എന്നിട്ടും അവരെ പിടിച്ചുപറിക്കാരായി ചിത്രീകരിക്കുന്നു. ജോലിയുടെ കാഠിന്യത്തിന്‌ അനുസരിച്ചുള്ള വേതനമോ മറ്റ്‌ സൗകര്യമോ തൊഴിലാളികൾക്ക്‌ കിട്ടുന്നില്ല. എന്നിട്ടും അവരുടെ ജോലി ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല.

നീതിപീഠവും ചില മാധ്യമങ്ങളും നിജസ്ഥിതി മനസ്സിലാക്കാതെയാണ്‌ പെരുമാറുന്നത്‌.  കേസുകൾ പരിഗണിക്കുമ്പോൾ കോടതികൾക്ക്‌  ഏതെങ്കിലും തൊഴിലാളിസംഘടനയോട്‌ അഭിപ്രായം ചോദിക്കാമായിരുന്നു. അത്‌ ഉണ്ടായില്ല. ഏകപക്ഷീയമായി അധിക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണം. പ്രളയമുണ്ടായപ്പോഴും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലും സ്വമേധയാ പങ്കെടുത്തവരാണ്‌ ചുമട്ടുതൊഴിലാളികൾ. ആശുപത്രികളിൽ ഓക്‌സിജൻ സിലിണ്ടറുകൾ സൗജന്യമായി അവർ ഇറക്കി. ദുരന്തമുഖങ്ങളിൽ മറ്റാരേക്കാളുംമുമ്പേ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ഇവരെ അധിക്ഷേപിക്കുന്നത്‌ നോക്കിനിൽക്കാനാകില്ലെന്ന്‌ എളമരം കരീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top