08 February Wednesday

കേരളത്തിന്റെ മുഖ്യവരുമാനം ടൂറിസം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022


തിരുവനന്തപുരം
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ പത്ത്‌ ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത്‌ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത്‌ റീജൻസി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് വിനോദസഞ്ചാര മേഖലയ്‌ക്കാണ്‌. കേരളത്തിന്റെ മുഖ്യവരുമാനം മറ്റുചിലതിൽ നിന്നെന്ന പ്രചാരണം തെറ്റാണ്‌. കോവിഡിന്‌ ശേഷം ശക്തമായ തിരിച്ചുവരവാണ്‌ വിനോദസഞ്ചാര മേഖല നടത്തിയിരിക്കുന്നത്‌. 2022ന്റെ ആദ്യ പാദത്തിൽ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. 38 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ്‌ എത്തിയത്‌. 22 ലക്ഷം സഞ്ചാരികളുടെ വർധനയുണ്ടായി. 72 ശതമാനത്തിലധികം വളർച്ച ടൂറിസം മേഖലയിലുണ്ടായി. 

ലോകത്ത്‌ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ടൈംസ്‌ മാഗസിൻ കേരളത്തെയും ഉൾപ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച വെഡ്ഡിങ്‌ ഡെസ്‌റ്റിനേഷനായും കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക്‌ വേൾഡ്‌ ടൂറിസം മാർക്കറ്റിൽ അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചു. ഇത്തരത്തിൽ വലിയ വളർച്ചയാണ്‌ കേരളം ടൂറിസം മേഖല നേടുന്നത്‌.

ഈ സാമ്പത്തികവർഷം  എന്റർപ്രണഴ്സ് വർഷമായാണ്‌ കണക്കാക്കുന്നത്‌. പല വ്യവസായ സംരംഭകരും വലിയ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ലുലു ഗ്രൂപ്പ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ എം എ യൂസഫലി കേരളത്തിന്റെ അനൗദ്യോഗിക അംബാസഡറാണ്‌. മറ്റുള്ളിടങ്ങളിൽനിന്ന്‌ നിക്ഷേപം കേരളത്തിലെത്താനുള്ള ഇടപെടൽ അദ്ദേഹം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചനക്ഷത്ര ശോഭയിൽ 
ഹയാത്ത്‌ റീജൻസി
ലുലു ഗ്രൂപ്പും ഹയാത്ത് ഹോട്ടൽസ് കോർപറേഷനും ചേർന്ന് തലസ്ഥാന നഗരിയിലാരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ഹയാത്ത്‌ റീജൻസി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഞായർ മുതൽ അതിഥികൾക്കായി തുറന്നുനൽകും.  ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമാകും ഹയാത്ത്‌ റീജൻസിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ നിക്ഷേപസൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന ചുവടുവയ്പാണിത്‌. വിനോദ സഞ്ചാരമേഖല തഴച്ചുവളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്റെ വരവ്‌. വ്യത്യസ്ത ആശയങ്ങളിലുള്ളവർക്ക്‌ ഒത്തുചേരാനുള്ള അവസരമാണ്‌ ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്‌ നഗരത്തിൽ 500 കോടി രൂപ ചെലവിൽ ഹയാത്ത് ഹോട്ടൽ ആരംഭിക്കുമെന്ന്‌ എം എ യൂസഫലി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അധ്യക്ഷനായി. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, ആന്റണി രാജു, ജി ആർ അനിൽ, വി ശിവൻകുട്ടി, ശശി തരൂർ എംപി, എംഎൽഎമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കൗൺസിലർ ടി മാധവദാസ്‌ എന്നിവർ സംസാരിച്ചു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, സൈഫി രൂപാവാല, വി ഐ സലിം, എം എ സലിം, അദീബ് അഹമ്മദ്, എം എ നിഷാദ്, ജോയ് ഷഡാനന്ദൻ എന്നിവരും പങ്കെടുത്തു.     600 കോടി രൂപ നിക്ഷേപത്തിലാണ് ഹയാത്ത് റീജൻസി പൂർത്തിയാക്കിയത്. കൺവൻഷൻ സെന്റർ, പ്രസിഡൻഷ്യൽ സ്യൂട്ട്, ഡിപ്ലോമാറ്റിക് സ്യൂട്ട് ഉൾപ്പെടെ നിരവധി പ്രത്യേകതകളുണ്ട്‌. സ്യൂട്ട് റൂമുകളടക്കം 132 മുറി, അഞ്ച് ഭക്ഷണശാല, മൾട്ടിലെവൽ പാർക്കിങ്‌ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top