15 October Wednesday
ലൈംഗികാധിക്ഷേപം

ലീഗ്‌ നേതൃത്വം ക്രൂശിക്കുന്നു: ഹരിത മുൻ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


കോഴിക്കോട്‌
ലൈംഗികാധിക്ഷേപത്തിൽ  പരാതി നൽകിയവരെ  കുറ്റക്കാരാക്കുന്ന നടപടികളാണ്‌ മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന്‌ ഹരിത മുൻ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും പാർടി നേതൃത്വം ക്രൂശിക്കയാണ്‌. നീതി കിട്ടിയില്ല. തലപ്പത്തിരിക്കുന്നവരുടെ മനോഭാവം  മാറണം. നേരിടേണ്ടിവന്ന അപമാനത്തിന്‌  ലീഗ്‌ സംസ്ഥാന നേതൃത്വം മറുപടി പറയണം. എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നു. എതിർഭാഗത്ത്‌  പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളാണ്‌. പരാതി വിലപ്പോകില്ലെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞിട്ടുണ്ട്‌. സലാം അസത്യങ്ങളും അർധസത്യങ്ങളും പറഞ്ഞ്‌ തെറ്റിധാരണ സൃഷ്‌ടിച്ചെന്നും ഹരിത സംസ്ഥാന മുൻ ജനറൽ സെക്രട്ടറി  നജ്‌മ തബ്‌ഷീറ, മുൻ  പ്രസിഡന്റ്‌ മുഫീദ തെസ്‌നി,  വൈസ്‌ പ്രസിഡന്റ്‌ വി പി ഫസീല, ജോ. സെക്രട്ടറി മിന ജലീൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെർബൽ റേപ്പ്‌ തുടരുന്നു
വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും മുറിവേറ്റതിനാലാണ്‌  മുസ്ലിംലീഗ്‌ നേതൃത്വത്തിനു മുന്നിൽ  പരാതി ഉന്നയിച്ചത്‌. ഹരിതയിലെ പെൺകുട്ടികളെ  പ്രസവിക്കാൻ ഇഷ്‌ടപ്പെടാത്തവരെന്നും അബോർഷൻ ചെയ്യുന്നവരെന്നും വേശ്യകളെന്നും  നവാസ്‌ ആക്ഷേപിച്ചു. പരാതി നൽകിയപ്പോൾ  വീഡിയോകളും ചിത്രങ്ങളും  കൈയിലുണ്ടെന്നും   നടപടിയെടുത്താൽ വീഡിയോകൾ  പ്രചരിപ്പിക്കുമെന്നുമായിരുന്നു നവാസിന്റെ മറുപടി. 

പരാതിയിൽ  50 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണ്‌ വനിതാ കമീഷനെ സമീപിച്ചത്‌.  മാനസികമായി ഒരുപാട്‌ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. നിരന്തരം സൈബർ ആക്രമണങ്ങളുണ്ടായി. ഇപ്പോൾ സമുദായത്തിന്‌ നാണക്കേടുണ്ടാക്കി എന്ന്‌ ആരോപിച്ചുള്ള   നീചമായ ആക്രമണമാണ്‌. ഫാത്തിമ തെഹ്‌ലിയക്കെതിരെ   നടപടിയെടുത്തു.  അനുരഞ്ജന ചർച്ചയിലേക്ക്‌ സാദിഖലി ശിഹാബ്‌ തങ്ങളും നവാസും വന്നശേഷമാണ്‌   ദിശമാറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top