27 April Saturday

സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം; ഹരിത കര്‍മ്മസേനാംഗങ്ങളുടെ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കും- മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

തിരുവനന്തപുരം> സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രതിമാസം 220 രൂപയുടെ നെറ്റ് കണക്ഷന്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേക്ക് രണ്ട് പേരെ ഹരിത കര്‍മ്മസേനയിലേക്ക് നിയോഗിക്കുന്നുവെങ്കില്‍ ഒരാളുടെ മൊബൈലിലാണ് നെറ്റ് കണക്ഷന്‍ റീചാര്‍ജ്ജ് ചെയ്യുക. ഇത് കണക്കാക്കി പദ്ധതി ഭേദഗതി ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്വസ്തുക്കള്‍ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും മാനേജ് ചെയ്യാനും സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പില്‍ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണ, സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മനസിലാക്കാന്‍ സാധിക്കും.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമുള്ളതിനാലാണ് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് നെറ്റ് കണക്ഷന്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. സ്മാര്‍ട്ട് ഗാര്‍ബ്ബേജ് മൊബൈല്‍ ആപ്പ് പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായാല്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top