29 March Friday

ഹരിദാസൻ വധം; ആദ്യം വെട്ടിയത്‌ കെ ലിജേഷും മൾട്ടി പ്രജിയും

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

തലശേരി > മീൻപിടിത്തം കഴിഞ്ഞെത്തിയ ഹരിദാസനെ വീട്ടുപറമ്പിലിട്ട്‌ ആദ്യംവെട്ടിയത്‌ ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ ലിജേഷും മണ്ഡലം സെക്രട്ടറി പ്രിതിഷ്‌ എന്ന മൾട്ടി പ്രജിയും. കൊടുവാൾകൊണ്ടുള്ള ഇവരുടെ വെട്ട്‌ ഹരിദാസൻ കൈകൊണ്ട്‌ തടുത്തു. നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിൽ എൻ നമ്പ്യാർ കൊടുവാളും മൂന്നാംപ്രതി ചാലക്കരയിലെ ഡ്രാഗൺ ദീപു എന്ന ദീപക്‌ നീളമുള്ള കത്തികൊണ്ടും കാലിന്‌ വെട്ടിയതോടെയാണ്‌ ഹരിദാസൻ വീണത്‌. ഒന്നാംപ്രതി ‘തീർത്തേക്കെടാ അവനെ’യെന്ന്‌ ആക്രോശിക്കുകയും അഞ്ചാംപ്രതി പൊച്ചറ ദിനേശനും ആറാംപ്രതി പ്രഷീജ്‌ എന്ന പ്രജൂട്ടിയും മറ്റുപ്രതികളും ചേർന്ന്‌ അടിക്കുകയും വെട്ടുകയും  ചെയ്‌തു. ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌  കോടതിയിൽ പൊലീസ്‌ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ ഇക്കാര്യമുള്ളത്‌. 

ഹരിദാസനെ വധിക്കാൻ പ്രതികൾ ആദ്യം ഗൂഢാലോചന നടത്തിയത്‌ ഫെബ്രുവരി എട്ടിന്‌ പുന്നോൽ ചെള്ളത്ത്‌ മടപ്പുരക്ക്‌ മുന്നിലുള്ള ഭണ്ഡാരത്തിന്‌ സമീപമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.  രാത്രി 11.15ന്‌ ഒമ്പത്‌ പ്രതികൾ ഒത്തുചേർന്നാണിത്‌ തീരുമാനിച്ചത്‌. മൊബൈൽഫോണിലൂടെ മറ്റുള്ളവരുമായും  സംസാരിച്ചു. ഒന്നാംപ്രതി കെ ലിജേഷ്‌ വീട്ടിൽ സൂക്ഷിച്ച മൂന്ന്‌ വടിവാളും മൂന്ന്‌ കൊടുവാളും ഒരു വാളും കൊലപാതകത്തിനായി കെഎൽ-58 എം 5835 നമ്പർ സ്‌കൂട്ടറിലാണ്‌ സ്ഥലത്തെത്തിച്ചത്‌. അന്നുതന്നെ പുന്നോലിലെ മൂത്തകൂലോത്ത്‌ ക്ഷേത്രത്തിന്‌ സമീപം ഹരിദാസനെ വധിക്കാനായി എത്തിയെങ്കിലും നടപ്പായില്ല. 
 
കൊലപാതകം ഏകോപിപ്പിക്കാൻ കെ ലിജേഷിനെയും നിജിൽദാസിനെയുമാണ്‌ ചുമതലപ്പെടുത്തിയത്‌. ഫെബ്രുവരി 11, 14 തീയതികളിൽ നടന്ന വധശ്രമത്തിന്റെ വിശദവിവരങ്ങളും കുറ്റപത്രത്തിലുണ്ട്‌. പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ബസ്‌ ഷെൽട്ടറിൽവെച്ച്‌ രണ്ടാംപ്രതി മൾട്ടി പ്രജിയും ഒമ്പതാംപ്രതി പന്തക്കൽ വയലിൽപീടികയിലെ പി കെ ശരത്തും ഗൂഢാലോചന നടത്തിയതിനുള്ള തെളിവുമുണ്ട്‌.   20ന്‌ വൈകിട്ട്‌ 4.19ന്‌ ഹരിദാസൻ ജോലിക്ക്‌ ബോട്ടിൽ കടലിൽ വന്നതായുള്ള വിവരം 12ാം പ്രതി സുനേഷാണ്‌ ഒന്നാംപ്രതി ലിജേഷിനെ അറിയിച്ചത്‌. ഒന്നാം പ്രതി മറ്റു പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ട്‌ അന്നുതന്നെ കൃത്യം നടത്താൻ തീരുമാനിച്ചു. അഞ്ചുപേർ രണ്ട്‌ സ്‌കൂട്ടറിലും ഒരാൾ വീട്ടിൽനിന്ന്‌ നടന്നും പുന്നോൽ മാക്കൂട്ടം റെയിൽവേ ട്രാക്കിനടുത്ത സ്ഥലത്താണ്‌ ആദ്യമെത്തിയത്‌. വാൾ, കൊടുവാൾ, സ്‌റ്റീൽ പൈപ്പുകൾ എന്നീ ആയുധങ്ങളുമായി 21ന്‌ പുലർച്ചെ 1.15നാണ്‌ ഹരിദാസന്റെ പുന്നോൽ താഴെവയലിലെ കൊരമ്പയിൽ താഴെകുനിയിൽ വീടിന്‌ സമീപത്തെത്തിയതെയെന്നും കുറ്റപത്രത്തിൽ പറയുന്നു.
 
ശാസ്‌ത്രീയ 
തെളിവുകൾ ശക്തം
 
മത്സ്യത്തൊഴിലാളി പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ വധിച്ച  കേസിൽ പ്രതികൾക്കെതിരായ കുറ്റപത്രത്തിൽ അന്വേഷകസംഘം നിരത്തിയത്‌ ശാസ്‌ത്രീയ തെളിവുകൾ. ഇത്രയേറെ ഡിജിറ്റൽ തെളിവുകളുള്ള മറ്റൊരു കൊലപാതകക്കേസും സമീപകാലത്തുണ്ടായിട്ടില്ല. മൂവായിരം പേജുള്ള കുറ്റപത്രത്തിൽ സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ടും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ശക്തമായ തെളിവുകളോടെ കൊലക്കേസ്‌ നിയമത്തിന്‌ മുന്നിലെത്തിച്ചതും പ്രത്യേക അന്വേഷകസംഘത്തിന്റെ മിടുക്കാണ്‌.
 
നാട്‌ ശ്രദ്ധിച്ച ഒട്ടേറെ കേസുകൾ തെളിയിച്ച കണ്ണൂർ അഡീഷണൽ സിറ്റി കമീഷണർ പി പി സദാനന്ദൻ, എസിപി പ്രിൻസ്‌ അബ്രഹാം എന്നിവരുടെ മേൽനോട്ടത്തിൽ ന്യൂമാഹി എസ്‌എച്ച്‌ഒ വി വി ലതീഷാണ്‌ കേസന്വേഷിച്ചത്‌. ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തതും ഏകോപിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മണ്ഡലം സെക്രട്ടറി മൾട്ടി പ്രജി പ്രധാന സഹായിയായി. വാട്‌സ്‌ ആപ്പ്‌  കോൾ ചെയ്‌താൽ പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസമായിരുന്നു പ്രതികൾക്ക്‌. വാട്‌സ്‌ആപ്പ്‌ കോളും മൊബൈൽ ഫോണിലെ കോൾഹിസ്‌റ്ററിയുമടക്കം നശിപ്പിച്ച്‌ തെളിവുകൾ ഇല്ലാതാക്കാനും ശ്രമിച്ചു. ഒന്നാംപ്രതി കെ ലിജേഷും പന്ത്രണ്ടാംപ്രതി എം സുനേഷും തമ്മിലുള്ള വാട്‌സ്‌ആപ്പ്‌ സന്ദേശങ്ങളുടെ ഹിസ്‌റ്ററിയും നശിപ്പിച്ചതിലുൾപ്പെടും. രണ്ടാംപ്രതി മൾട്ടി പ്രജി കുറ്റകൃത്യത്തിന്‌ പുറപ്പെടുന്നതിന്‌ തൊട്ടുമുമ്പ്‌ വീട്ടിലെ സിസിടിവി ക്യാമറ ഓഫാക്കി ഡിജിറ്റൽ തെളിവ്‌ നശിപ്പിക്കാൻ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്‌.
 
സൈബർ സെല്ലിലെ വിദഗ്‌ധരുടെ സഹായത്തോടെ ഡിജിറ്റൽ തെളിവുകളെല്ലാം അന്വേഷകസംഘം ശേഖരിച്ചു. ഗൂഢാലോചന നടത്തിയതിനുള്ള പ്രധാന തെളിവാണ്‌ പൊലീസ്‌ ശേഖരിച്ച ശാസ്‌ത്രീയതെളിവുകൾ. സൈബർ സെൽ ഉദ്യോഗസ്ഥർ, മൊബൈൽ കമ്പനികളുടെ നോഡൽ ഓഫീസർമാർ, വിരലടയാള വിദഗ്‌ധർ എന്നിവരടക്കമുള്ളവരും കേസിൽ സാക്ഷികളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top