01 December Friday

കഥ മാറ്റി ഹരിദാസൻ: കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും

സ്വന്തം ലേഖകൻUpdated: Monday Oct 2, 2023

തിരുവനന്തപുരം
മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗം അഖിൽ മാത്യുവിന്‌ സെക്രട്ടറിയറ്റ്‌ പരിസരത്ത്‌ കൈക്കൂലി നൽകിയെന്ന്‌ ആരോപണമുന്നയിച്ച ഹരിദാസൻ വീണ്ടും മൊഴി മാറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരോപണം കളവാണെന്ന്‌ തെളിഞ്ഞിരുന്നു. ദൃശ്യങ്ങളിൽ ഹരിദാസനും ബാസിതും മാത്രമാണുള്ളത്‌. മറ്റാരെയും കാണാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അവിടെ വച്ചല്ല പണം നൽകിയതെന്നാണ്‌ ഹരിദാസൻ ഇപ്പോൾ പറയുന്നത്‌. വ്യക്തതക്കായി സെക്രട്ടറിയറ്റിന്‌ പുറത്തെ സിസിടിവി കാമറകൾ പൊലീസ്‌ തിങ്കളാഴ്‌ച പരിശോധിക്കും.

ദൃശ്യങ്ങൾ കാണിച്ച്‌ ചോദ്യം ചെയ്തപ്പോൾ, അഖിൽ സജീവിന്റെ നിർദേശപ്രകാരം പ്രസ്‌ക്ലബ് ഭാഗത്തേക്ക്‌ നടന്നെന്നും എതിരെ വന്ന അഖിൽ മാത്യുവെന്ന്‌ പരിചയപ്പെടുത്തിയ വ്യക്തിക്ക്‌ പണം നൽകിയെന്നുമായി. ഹരിദാസനൊപ്പമെത്തിയ ബാസിത്‌ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്‌. അഖിൽ സജീവിനോടാണ്‌ സംസാരിച്ചതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. അഖിൽ സജീവ്‌ പറഞ്ഞതനുസരിച്ചാണ്‌ ബാസിത്‌ തന്റെയടുത്തുനിന്ന്‌ മാറിയതെന്നാണ്‌ ഹരിദാസൻ പറയുന്നത്‌. എക്‌സിറ്റ്‌ ഗേറ്റിനടുത്തേക്ക്‌ പോകാൻ പറഞ്ഞത്‌ പ്രകാരം താൻ പുറത്തേക്ക്‌ നടന്നെന്നും ഓട്ടോറിക്ഷ സ്റ്റാൻഡിന്‌ സമീപത്തെത്തിയപ്പോൾ എതിരെ വന്നയാൾ അഖിൽ മാത്യുവെന്ന്‌ സ്വയം പരിചയപ്പെടുത്തി പണം വാങ്ങിയെന്നുമാണ്‌ ഹരിദാസൻ പറയുന്നത്‌. ഇത്തരത്തിലൊരു കൂടിക്കാഴ്‌ചയുണ്ടായോ എന്ന്‌ കണ്ടെത്താനാണ്‌ സെക്രട്ടറിയറ്റിന്‌ പുറത്തുള്ള കാമറാദൃശ്യങ്ങൾ പരിശോധിക്കുന്നത്‌.

മന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ പ്രതികൾ ചേർന്ന്‌ തയ്യാറാക്കിയ തിരക്കഥയാണോ കൈക്കൂലി ആരോപണമെന്ന സംശയവും ബലപ്പെടുകയാണ്‌. അഖിൽ സജീവിനും കോഴിക്കോട്‌ സ്വദേശി ലെനിൻ രാജിനും ഹരിദാസൻ ഗൂഗിൾ പേ വഴി 75,000 രൂപ കൈമാറിയിട്ടുണ്ട്‌. ഇതല്ലാതെ മറ്റ്‌ പണമിടപാടുകൾ നടന്നതായി കാണുന്നില്ല. സെക്രട്ടറിയറ്റിന്‌ സമീപത്ത്‌ പ്ലാസ്റ്റിക്‌ സഞ്ചിയിൽ പൊതിഞ്ഞ്‌ ഒരു ലക്ഷം രൂപയുമായി വന്നുവെന്നാണ്‌ ഹരിദാസൻ പൊലീസിന്‌ നൽകിയ മൊഴി. എന്നാൽ, ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഹരിദാസന്റെ കൈവശം ഒന്നുമില്ലെന്ന്‌ ദൃശ്യങ്ങളിൽ വ്യക്തമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top