തിരുവനന്തപുരം
നാഷണൽ ആയുഷ് മിഷനിൽ താൽക്കാലിക നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് കൈക്കൂലി നൽകിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണം അടിസ്ഥാനരഹിതം. സെക്രട്ടറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്. ഏപ്രിൽ പത്തിന് ഉച്ചതിരിഞ്ഞ് സെക്രട്ടറിയറ്റിനു സമീപം ഹരിദാസനും ഒപ്പമെത്തിയ ബാസിതും ആരെങ്കിലുമായി കൂടിക്കാഴ്‌ച നടത്തുകയോ പണം നൽകുകയോ ചെയ്യുന്നില്ല. പകരം, സെക്രട്ടറിയറ്റ് പരിസരത്ത് ചുറ്റിക്കറങ്ങി നിന്നശേഷം തിരികെ പോകുകയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി.
ഏപ്രിൽ പത്തിന് മന്ത്രി ഓഫീസിന് പരിസരത്തുവച്ച് വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. ഏപ്രിൽ പത്തിന് ഉച്ചമുതലുള്ള സിസിടിവി അന്വേഷകസംഘം പരിശോധിച്ചു. പകൽ ഒന്നരയോടെയാണ് ഹരിദാസനും ബാസിതും ഒരു ഓട്ടോറിക്ഷയിൽ സെക്രട്ടറിയറ്റ് അനക്‌സ് പരിസരത്ത് എത്തുന്നത്. സെക്രട്ടറിയറ്റ് ഓഫീസിനുള്ളിലേക്ക് ഇവർ കയറുന്നില്ല. പകരം സെക്രട്ടറിയറ്റ് പരിസരത്ത് പലയിടത്തായി നിൽക്കുകയാണ്. പിന്നീട് തിരികെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മൂന്നു മണിക്കൂറോളമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ എവിടെയും ഹരിദാസന്റെ ആരോപണം സാധൂകരിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തി ഹരിദാസനെയും ബാസിതിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
പിന്നിൽ ഗൂഢാലോചന;
അണിയറയിൽ കോൺഗ്രസ്
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിനുപിന്നിൽ വൻ ഗൂഢാലോചന നടന്നതായി വ്യക്തമാകുന്നു. ആരോപണം ഉന്നയിക്കുന്നതിനുമുമ്പ് ഹരിദാസൻ കുമ്മാളി മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവിനെ സന്ദർശിച്ചതായാണ് വിവരം. അതിനുശേഷം കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളുമായും സംസാരിച്ചാണ് തിരക്കഥ തയ്യാറാക്കിയത്.
പ്രതിപക്ഷ നേതാവിന് ഗൂഢാലോചനയിൽ പങ്കുള്ളതായി പി വി അൻവർ എംഎൽഎ കഴിഞ്ഞദിവസം ഫെയ്‌സ്‌ബുക്കിൽ എഴുതിയിരുന്നു. അതിനോട് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 10ന് തിരുവനന്തപുരത്തെത്തി ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗം അഖിൽ മാത്യുവിന് ഒരുലക്ഷം രൂപ നൽകിയെന്ന് പറഞ്ഞ ഹരിദാസൻ പിന്നീട് പലതവണ വാക്കുമാറ്റി. അഖിൽ മാത്യുവിന്റെ ചിത്രം കാണിച്ചപ്പോൾ ഇയാൾതന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ ഹരിദാസൻ പിന്നീട് ഉറപ്പില്ലെന്നും കണ്ടാൽ തിരിച്ചറിയില്ലെന്നും കാഴ്‌ചക്കുറവുണ്ടെന്നും മാറ്റിപ്പറഞ്ഞു.
ഹരിദാസനെ ചോദ്യംചെയ്‌ത തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനും മൊഴിയിലെ പൊരുത്തക്കേടുകൾ ബോധ്യപ്പെട്ടിട്ടുണ്ട്. അഖിൽ സജീവിനെയും ഹരിദാസനെയും ബന്ധിപ്പിച്ചത് ആരാണെന്നും മന്ത്രിയുടെ ഓഫീസിലെത്തി പരാതി പറഞ്ഞ കെ പി ബാസിത്തിന്റെ പങ്കും പൊലീസ് അന്വേഷിക്കും. ബാസിത്തിനെയും കോഴിക്കോട് സ്വദേശി ലെനിനെയും ശനിയാഴ്‌ച കന്റോൺമെന്റ് പൊലീസ് ചോദ്യംചെയ്‌തു.
ഹരിദാസനെതിരെ നിരവധി പരാതികൾ
ഹരിദാസനെതിരെ ജയിലിൽ കിടന്നതുൾപ്പെടെ കേസുകളും നിരവധി പരാതികളും നേരത്തേയുണ്ട്. ചെമ്മങ്കടവ് ഹൈസ്‌കൂൾ അധ്യാപകനായിരിക്കെ ഹയർ സെക്കൻഡറിയിലേക്ക് സ്ഥാനക്കയറ്റത്തിന് ഹാജരാക്കിയ പിജി സർട്ടിഫിക്കറ്റ് അംഗീകാരമില്ലാത്ത സ്വകാര്യ ഓപ്പൺ സർവകലാശാലയുടേതായിരുന്നുവെന്ന് ചില അധ്യാപകർ പരാതി നൽകിയിരുന്നു. പിജി സർട്ടിഫിക്കറ്റ് അംഗീകരിക്കപ്പെട്ടെങ്കിലും കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റാതിരുന്നതിനാൽ ഹൈസ്‌കൂളിലേക്കുതന്നെ മാറേണ്ടിവന്നു. കക്കാടംപൊയിലിൽ വനഭൂമി മറിച്ചുവിൽക്കുന്നതായി മനോരമ ചാനലിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. അന്നത്തെ ചാനൽ കാമറാമാൻ സന്ദീപിന്റെ വീട് ആക്രമിച്ചതിലും കേസുണ്ടായി. താമരശേരിയിലെ വനംവകുപ്പ് ഓഫീസ് കത്തിച്ച കേസിൽ റിമാൻഡിലായതോടെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ്‌ചെയ്‌തു. ബ്ലേഡ് പലിശക്കാർക്കെതിരായ ഓപ്പറേഷൻ കുബേരയിലും കുടുങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..