20 April Saturday
ഇവിടെ വിദ്യാഭ്യാസം ‘സ്വകാര്യം’മാത്രം

ബിജെപി ഭരണത്തിൽ ​ഗുജറാത്തില്‍ പൂട്ടിയത് ഏകദേശം 7000 സർക്കാർ സ്‌കൂള്‍

രാജ്‌കോട്ടില്‍നിന്ന് സാജൻ എവുജിൻUpdated: Saturday Nov 26, 2022

രാജ്‌കോട്ട്‌ ഉപ്ലട്ട ഡോ. മധുബെൻ മട്ടുഭായ്‌ മുനിസിപ്പൽ സ്‌കൂളിൽ 360 കുട്ടികളാണ്‌. ഒന്നുമുതൽ എട്ടുവരെ ക്ലാസുകൾ. അധ്യാപകർ അഞ്ചുമാത്രം. ഡെസ്‌കോ ബെഞ്ചോ ഇല്ല. അടുത്തിടെ സർക്കാർ നൽകിയ രണ്ട്‌ ലാപ്‌ടോപ്പാണ്‌ ആകെയുള്ള ആധുനിക സൗകര്യം.
നേരത്തേ ഇവിടെ കുട്ടികൾ തീരെ കുറവായിരുന്നു. സ്വകാര്യ സ്‌കൂളുകളിൽ ഫീസ്‌ കുത്തനെ ഉയർന്നതാണ്‌ ഇവിടേക്ക്‌ കൂടുതൽ കുട്ടികൾ വരാൻ ഇടയാക്കിയതെന്ന്‌ മുനിസിപ്പൽ കൗൺസിലർ ദയാഭായ്‌ പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത്‌ ഗുജറാത്ത്‌ ജനത നേരിടുന്ന അവഗണനയുടെ തെളിവാണ് ഇത്‌. ഇക്കാര്യം ഗുജറാത്തിലെ ജനം ചർച്ചചെയ്യുന്നുണ്ട്‌. എന്നാൽ, മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്‌  നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്താൻ തയ്യാറാകുന്നില്ല. അവരും പ്രതിക്കൂട്ടിലാണെന്നതുതന്നെ കാരണം.

ബിജെപി ഭരണത്തിൽ സംസ്ഥാനത്ത്‌ ഏകദേശം 7000 സർക്കാർ സ്‌കൂൾ പൂട്ടി. പകരം ബിജെപി, കോൺഗ്രസ്‌ നേതാക്കൾ മത്സരിച്ച്‌ സ്വകാര്യസ്‌കൂളുകൾ സ്ഥാപിച്ചു. ഫീസ്‌ നിശ്ചയിക്കാനെന്ന പേരിൽ സമിതിയെ നിയോഗിച്ചു. ഇവർ ശുപാർശ ചെയ്‌ത മിനിമം വാർഷികഫീസായ 12,000 രൂപ സർക്കാർ അംഗീകരിച്ചു. അതേസമയം, 35,000 രൂപവരെ സ്‌കൂളുകളിൽ വാർഷിക ഫീസ്‌ വാങ്ങുന്നു.

തൊഴിലാളികൾക്കും കർഷകർക്കും വരുമാനം കുറവായതിനാൽ കുട്ടികളെ ഇത്രയും ഫീസ്‌ നൽകി പഠിപ്പിക്കാനാകില്ല. ലക്ഷക്കണക്കിനു കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ചേരികളിൽ താമസിക്കുന്നവരുടെ മക്കൾക്ക്‌ വിദ്യാഭ്യാസം സ്വപ്‌നംപോലുമല്ല. പൊതുവിദ്യാലയങ്ങളിൽ വേണ്ടതിന്റെ പകുതി എണ്ണം അധ്യാപകരേയുള്ളൂ. 35,000ൽപരം അധ്യാപക തസ്‌തിക സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്നു. ഉച്ചഭക്ഷണപദ്ധതി പേരിനുമാത്രം. ഒന്നാംക്ലാസിൽ ചേരുന്നതിൽ പകുതിയോളം കുട്ടികളാണ്‌ 12ൽ എത്തുന്നതെന്ന്‌ ദേശീയ കുടുംബാരോഗ്യ സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.

പൊതുവിദ്യാലയങ്ങൾ  തുടങ്ങേണ്ടതില്ലെന്നാണ്‌ ബിജെപി സർക്കാർ നയം. ഇതിനെതിരായി ശബ്ദമുയർത്താൻ കോൺഗ്രസ്‌ തയ്യാറല്ല. ആം ആദ്‌മി പാർടി ‘ഡൽഹി മോഡൽ’ നടപ്പാക്കുമെന്ന്‌ പറയുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top