26 April Friday

ജിഎസ്‌ടി വിധി ; സംസ്ഥാന വിലപേശൽ സാധ്യത വർധിച്ചു : കെ എൻ ബാലഗോപാൽ

പ്രത്യേക ലേഖകൻUpdated: Saturday May 21, 2022


തിരുവനന്തപുരം
ജിഎസ്‌ടി കൗൺസിൽ ശുപാർശ അടിച്ചേൽപ്പിക്കാനാകില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാനങ്ങൾക്കു മുന്നിൽ തുറന്നിടുന്നത്‌ വലിയ സാധ്യത. സംസ്ഥാനങ്ങളിലെ വിൽപ്പന നികുതിയിലും നികുതിഘടനയിലും സർക്കാരുകൾക്ക്‌ നിലപാട്‌ എടുക്കാനാകും. സംസ്ഥാന സാമ്പത്തികാധികാരത്തെ സംരക്ഷിക്കാൻ കഴിയുമെന്നാണ്‌ കരുതുന്നതെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ ‘ദേശാഭിമാനി’യോടു പറഞ്ഞു. സംസ്ഥാനങ്ങളുടെ വിലപേശൽ അധികാരവും അഭിപ്രായം പറയാനുള്ള അവസരവും വർധിക്കുമെന്നതിൽ തർക്കമില്ല. വിൽപ്പന നികുതി പരിഷ്കാരം, നികുതിഘടനയിൽ എങ്ങനെ മാറ്റം വരുത്താം തുടങ്ങി ഒട്ടേറെ കാര്യമുണ്ട്‌. പ്രായോഗിക വശങ്ങളടക്കം പരിശോധിക്കേണ്ടതുണ്ട്‌. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ നിലകൊള്ളുന്ന മറ്റു സംസ്ഥാനങ്ങളുമുണ്ട്‌. ജിഎസ്‌ടി വന്നതോടെ നികുതിവരുമാനം കുറഞ്ഞു. കോമ്പൻസേഷൻ രൂപത്തിൽ നൽകിയിരുന്ന ആനുകൂല്യം ജൂണോടെ ഇല്ലാതാകും. ഈ സാഹചര്യത്തിൽ നികുതി കാര്യങ്ങളിൽ കൂടിയാലോചന നടത്താൻ കേന്ദ്രം തയ്യാറാകണമെന്നും ബാലഗോപാൽ പറഞ്ഞു.

ജിഎസ്ടി കൗൺസിലിന്റെ ശുപാർശ ഉപദേശക രൂപത്തിലുള്ളതുമാത്രമായി കണ്ടാൽ മതിയെന്നാണ്‌ കോടതി ഉത്തരവ്‌. ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. ഏകപക്ഷീയമായി ജിഎസ്‌ടി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചതിനാൽ പല സംസ്ഥാനത്തിന്റെയും വരുമാനത്തെയും ഖജനാവിനെയും ഗുരുതരമായി ബാധിച്ചിരുന്നു.

പൊതുചട്ടക്കൂടിൽ നിന്നുകൊണ്ട് സംസ്ഥാന ജിഎസ്ടി നിരക്കുകളിൽ മാറ്റംവരുത്താനും സ്വന്തമായി നടപടിക്രമങ്ങളിൽ ഭേദഗതി വരുത്താനും സംസ്ഥാനങ്ങൾക്ക് അവകാശംകൂടിയേ തീരൂവെന്ന്‌ ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. ജിഎസ്ടി നികുതിയിൽ ഇത്തരം പുനഃസംഘടനയ്‌ക്ക്‌ സുപ്രീംകോടതി വിധി പ്രേരകമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top