29 March Friday
ജിഎസ്‌ടി 
കൗൺസിൽ 
നിർദേശം

നിരസിക്കാം ; സംസ്ഥാനങ്ങള്‍ക്കും നിയമം നിര്‍മിക്കാം ; ചരിത്രവിധിയുമായി സുപ്രീംകോടതി

റിതിൻ പൗലോസ്‌Updated: Thursday May 19, 2022


ന്യൂഡൽഹി
ചരക്കുസേവന നികുതിയുമായി (ജിഎസ്‌ടി) ബന്ധപ്പെട്ട് നിയമനിർമാണത്തിന്‌ കേന്ദ്രത്തിനും സംസ്ഥാന നിയമസഭകൾക്കും തുല്യ അവകാശമുണ്ടെന്ന്‌ സുപ്രീംകോടതി. ജിഎസ്ടി കൗൺസിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശകസ്വഭാവം മാത്രമാണുള്ളത്. കൗൺസിലിന്റെ  ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര, -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നും ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു.

ജിഎസ്‌ടി നിയമം ഏകപക്ഷീയമായി നടപ്പാക്കി സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങൾ കവർന്നെടുത്ത നരേന്ദ്ര മോദി സർക്കാരിന്‌ വൻ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ചരിത്രവിധി. വിദേശസ്ഥാപനം വിദേശ ഷിപ്പിങ്‌ കമ്പനിവഴി ഇന്ത്യയിലേക്ക്‌ അയക്കുന്ന ചരക്കിന്‌ നികുതി ബാധകമാക്കിയ വിജ്ഞാപനം ഗുജറാത്ത്‌ ഹൈക്കോടതി റദ്ദാക്കിയത്‌ ചോദ്യംചെയ്‌ത്‌ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ്‌ സുപ്രീംകോടതി വിധി.

ജിഎസ്‌ടി കൗൺസിൽ നിർദേശം നിർബന്ധമായും പാലിക്കേണ്ടതാണെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ വാദം കോടതി തള്ളി. ജിഎസ്‌ടി കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ ബാധ്യതയുണ്ടെന്നു പറയുന്നത്‌ സാമ്പത്തിക ഫെഡറലിസത്തെ അട്ടിമറിക്കുന്നതാണ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ ഭരണഘടനയുടെ അനുച്ഛേദം 246 എ പ്രകാരം നികുതി സംബന്ധമായ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കും നിയമനിർമാണത്തിൽ  തുല്യാവകാശമുണ്ടെന്നും ഓർമപ്പെടുത്തി. കൗൺസിൽ ശുപാർശകളിൽ കൂട്ടായ തീരുമാനങ്ങളാണ്‌ വേണ്ടത്‌. അനുച്ഛേദം 279  ആരോഗ്യപരമായ ഫെഡറലിസം ഉറപ്പുവരുത്തുന്നുണ്ട്‌. ഇന്ത്യൻ ഫെഡറലിസം എന്നത് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സംവാദംകൂടിയാണെന്നും കേന്ദ്ര സർക്കാരിന്‌ അതിൽ അമിതാധികാരം പ്രയോഗിച്ച്‌ ഏകപക്ഷീയ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ജിഎസ്‌ടി കൗൺസിലിന്റെ വോട്ടിങ്ഘടനയിലും കോടതി അതൃപ്‌തി രേഖപ്പെടുത്തി. സംസ്ഥാനങ്ങൾക്കാകെ മൂന്നിൽരണ്ടു വോട്ടും കേന്ദ്രത്തിന്‌ മൂന്നിലൊന്നു വോട്ടും ഉണ്ടായിരിക്കെ ഏതു തീരുമാനമാണ്‌ നാലിൽമൂന്ന്‌ ഭൂരിപക്ഷത്തോടെ പാസാക്കാനാകുകയെന്ന്‌ കോടതി ചോദിച്ചു.

തർക്കമുണ്ടായാൽ പരിഹാര അതോറിറ്റി ജിഎസ്‌ടി നിയമത്തിലില്ല.  പരോക്ഷ നികുതിവഴിയുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ജിഎസ്‌ടി നിയമത്തിലൂടെ നഷ്ടപ്പെട്ടു. കൗൺസിൽ യോഗങ്ങൾ ചിലപ്പോഴൊക്കെ രാഷ്‌ട്രീയ പാർടികളുടെ ഏറ്റുമുട്ടൽ വേദിയാണെന്നും കോടതി  നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top