25 April Thursday

ജിഎസ്‌ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം 19ന്: നികുതിഭരണം മികവുറ്റതാക്കുക ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

തിരുവനന്തപുരം> സംസ്ഥാന ചരക്കുസേവന നികുതി (ജിഎസ്‌ടി) വകുപ്പിന്റെ പുനഃസംഘടനയുടെ ഓദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് നടക്കുമെന്ന് ധനമന്ത്രി ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

2017 മുതൽ രാജ്യത്ത് നടപ്പിൽ വന്ന ചരക്കുസേവന നികുതി നിയമനത്തിനനുസൃതമായി സംസ്ഥാനത്തെ നികുതി ഭരണസംവിധാനത്തെ പുനഃസംഘടിപ്പിക്കുകയെന്ന ദീർഘകാല ലക്ഷ്യമാണ് സാക്ഷാൽക്കരിക്കുന്നത്. 2023 ജനുവരി 10 മുതൽ പുനഃസംഘടന നടപ്പായി. രാജ്യത്താദ്യമായാണ് നികുതി ഭരണസംവിധാനം ഇത്തരത്തിൽ സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടത്.

ടാക്‌സ് പേയർ സർവീസസ്, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ മൂന്നു ശ്രേണിയിലായി വകുപ്പിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെടും. നിലവിൽ സംസ്ഥാന നികുതിവകുപ്പിന്റെ പരിശോധനാ രീതികളിൽ ഓഡിറ്റ് ഉൾപ്പെട്ടിരുന്നില്ല. ഓഡിറ്റ് പരിശോധന നമ്മുടെ നികുതി സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ കൂടുതൽ ശാസ്‌ത്രീയമായും കാര്യക്ഷമമായും നികുതി നിർണയിക്കാൻ കഴിയും.

പ്രൊഫഷണലായ പരിശീലനം ജീവനക്കാർക്ക് നൽകിയും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും നികുതിഭരണം മികവുറ്റതാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. നികുതി ചോർച്ച കുറച്ചും വെട്ടിപ്പ് തടഞ്ഞും നികുതി ഒടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയും കാര്യക്ഷമമായ നികുതി നിർവഹണം സാധ്യമാക്കാനുള്ള സുപ്രധാന നടപടിയാണ് പുനഃസംഘടനയെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top