27 April Saturday

ജിഎസ്ടി വന്നാൽ പെട്രോളും ഗ്യാസാകും; പാചകവാതകത്തിന്‌ കൂട്ടിയത്‌ 290 രൂപ

സ്വന്തം ലേഖകൻUpdated: Tuesday Sep 21, 2021

കൊച്ചി > ജിഎസ്‌ടിയിലായാൽ വിലകുറയുമെന്ന വാദത്തിന്റെ മുനയൊടിച്ച്‌ പാചകവാതകവില  കുതിക്കുന്നു. 2017 മുതൽ ജിഎസ്ടി പട്ടികയിലുള്ള ഗാർഹികാവശ്യ പാചകവാതകത്തിന് 10 മാസത്തിനിടെ വിലകൂടിയത്‌ പത്തുതവണ. 2020 നവംബർ 31ന് 603.50 രൂപയായിരുന്നത്‌ ഇപ്പോൾ 894 രൂപയായി.  കൂട്ടിയത്‌ 290.50 രൂപ. വാണിജ്യ സിലിണ്ടറിന് മൂന്നുമാസത്തിനുള്ളിൽ കൂടിയത് 227 രൂപയും. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഗുണമാകും എന്ന പ്രചാരണം പൊള്ളയാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ കണക്കുകൾ.

അടിസ്ഥാന വിലയ്ക്കൊപ്പം ഡീലർ കമീഷനും ജിഎസ്ടിയും ചേർത്താണ് ചില്ലറ വിൽപ്പനവില കണക്കാക്കുന്നത്. ഓരോ മാസവും വില വർധിപ്പിക്കാൻ കേന്ദ്രം അടിസ്ഥാനവില കൂട്ടുകയാണ്. അടിസ്ഥാനവിലയുടെ മാനദണ്ഡം എണ്ണക്കമ്പനികളോ കേന്ദ്രസർക്കാരോ വ്യക്തമാക്കുന്നില്ല. ഗാർഹികാവശ്യ സിലിണ്ടറിന്‌ അടിസ്ഥാനവിലയുടെ അഞ്ച് ശതമാനവും വാണിജ്യാവശ്യ സിലിണ്ടറിന് 18 ശതമാനവുമാണ് ജിഎസ്ടി. മുമ്പ് ​ഗാർഹികാവശ്യ സിലിണ്ടറിന്‌ സംസ്ഥാനം ഈടാക്കിയത് 4.04 ശതമാനം നികുതിയാണ്. ജിഎസ്ടി ഉൾപ്പെടുത്തിയശേഷം 2017 ജൂലൈയിൽ ​ഗാർഹിക സിലിണ്ടറിന് 32 രൂപ വർധിച്ചു.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുമ്പോഴും അടിസ്ഥാനവിലയ്ക്കാണ്‌ നികുതി നിശ്ചയിക്കുക. ഉയർന്ന സ്ലാബായ 28 ശതമാനമാകും ഈടാക്കുക. അടിസ്ഥാനവില കൂട്ടി ഇന്ധനവില വർധിപ്പിക്കുക എന്ന തന്ത്രമാകും ഇവിടെയും സ്വീകരിക്കുക.

കേന്ദ്രം അടിച്ചേൽപ്പിച്ചിരിക്കുന്ന കൊള്ള നികുതിയാണ് ഇന്ധനവില കൂടാൻ കാരണം. ഇത്‌ മറച്ചുവച്ചാണ്‌ സംസ്ഥാന നികുതിയെ പഴിചാരുന്നത്‌. 39 രൂപയാണ് ഒരുലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില. ഇതിന് 32.90 രൂപ കേന്ദ്രം നികുതിയായി ഈടാക്കുന്നുണ്ട്. 28 ശതമാനം ജിഎസ്ടി ചുമത്തിയാൽ 5.46 രൂപയാണ് സംസ്ഥാനത്തിന് കിട്ടുക. ജിഎസ്ടി വന്നശേഷം സംസ്ഥാനവിഹിതവും നഷ്ടപരിഹാരവും കേന്ദ്രം കൃത്യമായി കൊടുക്കുന്നില്ല. 

ഇന്ധനവില കുറയണമെങ്കിൽ കേന്ദ്രം അന്യായമായി ഈടാക്കുന്ന അധിക എക്സൈസ് തീരുവയും വിവിധ സെസുകളും ഒഴിവാക്കണം. ജിഎസ്ടി കൊണ്ടുവന്നാലും അത് ഒഴിവാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top