28 March Thursday
സാങ്കേതികവിദ്യാ സഹായത്തോടെ നികുതി 
വെട്ടിക്കുന്നത്‌ തടയാനാണ്‌ അന്വേഷക വിഭാഗം

വരുന്നൂ, ജിഎസ്‌ടിയിൽ അന്വേഷക വിഭാഗം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


തിരുവനന്തപുരം
നികുതി വെട്ടിപ്പുകൾ കണ്ടെത്തി തടയാൻ സംസ്ഥാന ജിഎസ്‌ടി വകുപ്പിൽ അന്വേഷക വിഭാഗം സജ്ജമാക്കും. വാഹനങ്ങൾ പിന്തുടർന്നും വ്യാപാര സ്ഥാപനങ്ങളിലെത്തിയുമുള്ള പരിശോധനകൾ ഇതുവഴി പരമാവധി ഒഴിവാക്കാനാകും. ടാക്‌സസ്‌ ഇന്റലിജൻസ്‌ വിഭാഗത്തെയാണ്‌ പരിശീലനത്തിലൂടെ അന്വേഷക വിഭാഗമായി രൂപാന്തരപ്പെടുത്തുക. ജിഎസ്‌ടി നടപടിക്രമങ്ങൾ ഓൺലൈനായതോടെ സാങ്കേതികവിദ്യാ സഹായത്തോടെ നികുതി വെട്ടിക്കുന്നത്‌ തടയാനാണ്‌ അന്വേഷക വിഭാഗം. ജിഎസ്‌ടി വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഉറപ്പാക്കുന്ന വിപുല പദ്ധതി സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിക്കും.

നികുതി നിർണയത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതില്ലെന്നാണ്‌ വിലയിരുത്തൽ. പകരം, ഓഡിറ്റ്‌, ഇൻവെസ്‌റ്റിഗേഷൻ മേഖല ശക്തിപ്പെടുത്തും. ഇതിന്‌ നികുതി നിർണയ മേഖലയിലടക്കം പ്രവർത്തിച്ചിരുന്ന 750 ഉദ്യോഗസ്ഥരെ ഓഡിറ്റ്‌ വിഭാഗത്തിലേക്ക്‌ നിയോഗിക്കും. നികുതി ചോർച്ച തടയുന്ന നിർണായക സംവിധാനമാകും ഓഡിറ്റ്‌ വിഭാഗം.

വ്യാപാരികൾ സ്വയംനിർണയം നടത്തി സമർപ്പിക്കുന്ന നികുതി റിട്ടേണുകൾ ശാസ്‌ത്രീയമായി ഓഡിറ്റ്‌ ചെയ്യും. ആദായ നികുതി, കസ്‌റ്റംസ്‌ ഏജൻസികളിൽ സമർപ്പിച്ച വിവരങ്ങളും ജിഎസ്‌ടി ശൃംഖലയിലെ നികുതിദായകന്റെ വിവരവും ഓഡിറ്റ്‌ വിഭാഗം താരതമ്യ വിശകലനം നടത്തും. പ്രാരംഭ പരിശീലനത്തിന്‌ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻഡ്‌ ആൻഡ്‌ ടാക്‌സേഷൻ നേതൃത്വം നൽകും. ദേശീയ, അന്തർദേശീയ ഏജൻസികളുടെ സഹായവും തേടും.

ഇനി ഇ-–-ഓഫീസ്
ജിഎസ്‌ടി വകുപ്പിന്റെ ഫയൽ നീക്കം പൂർണമായും ഓൺലൈനിലായി. ആകെയുള്ള 220 ഓഫീസിലും ഇ-–-ഓഫീസ് സംവിധാനം നിലവിൽ വന്നു. നടപടിക്രമങ്ങളെല്ലാം  ഡിജിറ്റലാകും. ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനാകും. ജിഎസ്‌ടി ആസ്ഥാനത്ത് 2015ൽ ഇ-–-ഓഫീസ് സംവിധാനമായി. 2020 ജനുവരിയിൽ ജില്ലാതല നികുതി ഓഫീസുകൾ ഓൺലൈനിലേക്ക്‌ മാറി. ഇപ്പോൾ  താഴെത്തട്ടിലുള്ള സർക്കിൾ  ഓഫീസുകളും ഓൺലൈനിലാക്കി.  ധന മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം  ഇ-–ഫയൽ സംവിധാനത്തിലാകും.   എൻഐസി സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ കേരളാ ഐടി മിഷനാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top