26 April Friday
മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു

ഗ്രാഫീൻ മേഖലയിൽ കുതിക്കാൻ കേരളം; നാഴികക്കല്ലായി കൊച്ചിയിൽ നിക്ഷേപക സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കൊച്ചി > ഗ്രാഫീൻ നിക്ഷേപക സംഗമം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്ന്‌ മന്ത്രി പി രാജീവ്‌. ഭാവിയുടെ ഈ മേഖലയിൽ മികച്ച മുന്നേറ്റം കൈവരിക്കുന്നതിനും ശക്തമായ ഗ്രാഫീൻ ആവാസവ്യവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള പ്രയാണം കേരളം ആരംഭിച്ചിരിക്കുകയാണ്. ഉൽപ്പാദനം മുതൽ മാർക്കറ്റ് ഇടപെടലുകൾ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഗ്രാഫീൻ എന്നത് ഒരു ദ്വിമാന പദാർത്ഥമാണ്. ഗ്രാഫൈറ്റിന്റെ ഒരു ലെയെറന്ന് വേണമെങ്കിൽ പറയാം. കനമില്ലാത്തതും ചാലകശക്തിയുള്ളതുമായ ഒന്നാണ് ഗ്രാഫീൻ. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ച് ശക്തി കൂടുതലാണ്. ഗ്രാഫീന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രകൃതി ദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീൻ. അതിനാൽ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെൻസിലിൽ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീൻ വേർതിരിച്ചെടുക്കാനും എളുപ്പമാണ്.

കേരള ഗ്രാഫീൻ നയം, ഇൻഫ്രാസ്ട്രക്‌ചർ സപ്പോർട്ട് സൗകര്യങ്ങൾ, വ്യവസായ നിലവാരം തുടങ്ങിയവയാണ് ഈ സമ്മേളനത്തിന്റെ ഭാഗമായി ചർച്ച ചെയ്‌ത‌ത്. ഗ്രാഫീൻ എന്ന അത്ഭുത വസ്‌തുവിന്റെ പരിധിയില്ലാത്ത അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനം തയ്യാറെടുക്കുകയാണ്.   
വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവൽക്കരണത്തിനും ഗ്രാഫീൻ/ ഗ്രാഫീൻ & റിലേറ്റഡ് മെറ്റീരിയലുകൾ (ജിആർഎം) മേഖല കേരളത്തിന് മുന്നിൽ അനന്തസാധ്യതകൾ തുറന്നിടുന്നുണ്ട്. ഗ്രാഫീൻ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്‌തുക്കളിൽ ഒന്നാണ്. സംസ്ഥാനത്തിന്റെ ഡീകാർബണൈസേഷൻ ലക്ഷ്യങ്ങൾ സുസ്ഥിരമായി കൈവരിക്കുന്നതിൽ ഗ്രാഫീനിന് നിർണായകമായ ഒരു പങ്കുണ്ടാവും.

കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ ശ്രമങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സവിശേഷ വേദിയായി വ്യവസായ വകുപ്പും കെഎസ്ഐഡിസിയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ഈ ഏകദിന നിക്ഷേപക സംഗമം. നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ, ഗവേഷണ-വികസന വിദഗ്ധർ, വ്യാവസായിക പങ്കാളികൾ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top