26 April Friday

ഗ്രഫീൻ രംഗത്ത്‌ കേരളത്തിന്റേത്‌ സുപ്രധാന ചുവടുവയ്‌പ്‌; പ്രശംസിച്ച്‌ മുൻ പ്രതിരോധ സെക്രട്ടറി അജയ്‌ കുമാർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കൊച്ചി > ഗ്രഫീൻ ഉൽപ്പാദന രംഗത്ത്‌ കേരളത്തിന്റേത്‌ പ്രശംസനീയമായ ചുവടുവയ്‌പ്പെന്ന്‌ മുൻ പ്രതിരോധ സെക്രട്ടറി അജയ്‌ കുമാർ. ഈ മേഖലയിൽ ഇന്ത്യയുടെ പുരോഗതി പല രാജ്യങ്ങളെക്കാളും മികച്ചതാണെന്നും കേരളത്തിൽ ഗ്രാഫീനിനായുള്ള ഇന്നൊവേഷൻ സെന്റർ ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി മാറേണ്ടതുണ്ടെന്നും ഐഐടി കാൺപുരിലെ വിസിറ്റിങ്‌ പ്രൊഫസർ കൂടിയായ അജയ്‌ കുമാർ "ദ ഹിന്ദു' ഒപ്പീനിയനിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

കേരളത്തിൽ ഗ്രാഫീനിനായുള്ള ഇന്നൊവേഷൻ സെന്റർ ടാറ്റ സ്റ്റീൽ, തൃശ്ശൂരിലെ സി - മെറ്റ് എന്നിവയുടെ പങ്കാളിത്തത്തോടെ  കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രഫീൻ സ്ഥാപിച്ചത്‌ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളെയുടെ പദാർഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിൽ തുടക്കമായിരുന്നു. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്‌സലാണ്‌ (സിയുഎംഐ) ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കംകുറിച്ചത്. ഇ​ല​ക്​​ട്രിക്, ഇ​ല​ക്​​ട്രോ​ണി​ക് വ്യ​വ​സാ​യ​ങ്ങളിൽ ഉൾപ്പെടെ ​ഗ്ര​ഫീ​ന് വ​ൻസാ​ധ്യ​ത​യാ​ണു​ള്ള​ത്.

സ്വാഭാവിക സിന്തറ്റിക് റബർ ഗുണനിലവാരം ഉയർത്തൽ, കൊറോഷൻ കോട്ടിങ്‌, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ്‌ വേഗം വർധിപ്പിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക്‌ ഗ്രഫീൻ ഉപയോഗിക്കുന്നുണ്ട്‌. ‘ഗ്രഫീനോ' എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചാണ്‌ കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രഫീൻ ഉൽപ്പാദനത്തിലേക്ക് കടന്നത്‌. കൊച്ചിയിൽ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്ലാന്റും സ്ഥാപിച്ചു. 12,000 ചതുരശ്രയടി വിസ്‌തൃതിയിലുള്ള പ്ലാന്റിന് വർഷംതോറും ആറുലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ സംസ്‌കരിക്കാൻ ശേഷിയുണ്ട്.

മൂന്ന്‌ മേഖലയിൽ നിർമിക്കും

കോമ്പോസിറ്റുകൾ, കോട്ടിങ്‌, ഊർജം എന്നിങ്ങനെ മൂന്നു പ്രധാന മേഖലകളിലാണ് കാർബോറാണ്ടം ഗ്രഫീൻ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. ഇലാസ്റ്റമേഴ്‌സ്, കോൺക്രീറ്റ്, തെർമോസെറ്റിങ്‌, പോളിമറുകൾ എന്നിവയിലാണ് കോമ്പോസിറ്റ് മേഖലയിലെ ഊന്നൽ.   ഓട്ടോ ഡീറ്റെയ്‌ലിങ്ങിൽ ഗ്രഫീൻ കോട്ടിങ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്. ആന്റി കൊറോഷൻ, ആന്റി മൈക്രോബയൽ മേഖലകളിലും കാർബോറാണ്ടം ശ്രദ്ധപതിപ്പിക്കുന്നു. സൂപ്പർ കപ്പാസിറ്ററുകൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവയ്‌ക്ക്‌ ആവശ്യമായ ഗ്രഫീൻ ഉൽപ്പന്നങ്ങളും നിർമിക്കുന്നുണ്ട്.

വ്യാവസായികോൽപ്പാദനത്തിന്‌ ആവശ്യമായ ഗവേഷണങ്ങൾക്കായി മാഞ്ചസ്റ്റർ സർവകലാശാല, ചെന്നൈ ഐഐടി, കൊച്ചി സർവകലാശാല എന്നിവയുമായി ധാരണപത്രവും ഒപ്പിട്ടിട്ടുണ്ട്.രാജ്യത്ത്‌ ആദ്യമായി കേരളത്തിൽ ആരംഭിക്കുന്ന ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രഫീനിൽ കാർബോറാണ്ടം സജീവപങ്കാളിയാണ്. ഗ്രഫീൻ ഗവേഷണത്തിന് ഓക്സ്ഫോർഡ്, എഡിൻബറോ സർവകലാശാലകളുമായി കേരളം ധാരണപത്രം ഒപ്പിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top