19 March Tuesday

രാഷ്ട്രീയക്കളി: ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

തിരുവനന്തുപരം> ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകളുടെ കാലാവധി. രാത്രി വൈകി ഒപ്പിട്ടാല്‍ വിജ്ഞാപനം ഇറക്കാനുള്ള സജ്ജീകരണവും സര്‍ക്കാര്‍ നടത്തിയിരുന്നു.

ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ, ഇവ നിലവില്‍ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന നിയമം എന്തായിരുന്നുവോ അതാണ് നിലനില്‍ക്കുക. വിഷയം സംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരണം ഉച്ചക്ക് പറയുമെന്ന് നിയമമന്ത്രി പി രാജീവ്  വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ബന്ധം ഊഷ്‌മളമായി നിലനിര്‍ത്തിക്കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത്  പറഞ്ഞു. ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സ്തംഭനാവസ്ഥയില്ല. പ്രത്യേക സഭാസമ്മേളനം വിളിക്കേണ്ടത് സര്‍ക്കാര്‍ ആലോചിക്കേണ്ട കാര്യമാണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top