19 April Friday

അഞ്ചു ബില്ലിൽ ഗവർണർ ഒപ്പുവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

തിരുവനന്തപുരം> നിയമസഭ പാസാക്കിയ അഞ്ചു ബിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഒപ്പിട്ടു. കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ്‌ ബിൽ, മാരീടൈം ബോർഡിന്റെ ഘടനമാറ്റമടക്കം വ്യവസ്ഥ ചെയ്യുന്ന  കേരള മാരീടൈം ബോർഡ്‌ (ഭേദഗതി) ബിൽ, പ്രവാസി ക്ഷേമനിധി ബോർഡിൽ പിഎസ്‌‌സി നിയമനം ഉറപ്പാക്കുന്ന കേരള പിഎസ്‌‌സി രണ്ടാം ഭേഗതി ബിൽ, അംശദായം വിഹിതം ഉയർത്താനുള്ള ആഭരണത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, കേരള ധന സംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ എന്നിവ ഒപ്പുവച്ചതായി രാജ്‌ഭവൻ വ്യക്തമാക്കി‌.

ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതിയടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 12 ബില്ലിൽ 11 എണ്ണമാണ് ഗവർണറുടെ അനുമതിക്കായി നൽകിയിരുന്നത്. വൈസ്‌ ചാൻലസർ നിയമനത്തിനായി  സെർച്ച്‌ കമ്മിറ്റി ഘടന പുതുക്കുന്നത്‌ അടക്കമുള്ള ഭേദഗതികളാണ്‌ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലിലുള്ളത്‌. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഔദ്യോഗിക കാലാവധി ഉൾപ്പെടെ കാര്യങ്ങളിൽ ഭേദഗതി നിർദേശിക്കുന്ന കേരള ലോകായുക്ത ഭേദഗതി ബിൽ, കേരള വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബിൽ, പൊതുമേഖലയിലെ പിഎസ്‌സിക്കുവിട്ടത്‌ ഒഴികെയുള്ള മുഴുവൻ നിയമനങ്ങളും പ്രത്യേക സെലക്ഷൻ ബോർഡലിന്‌ വിടുന്ന കേരള പബ്ലിക്‌ എന്റർപ്രൈസസ്‌ സെലക്ഷനും റിക്രൂട്ട്‌മെന്റും ബോർഡ്‌ ബിൽ, മലപ്പുറം ജില്ലാ ബാങ്കിന്റെ ലയന നടപടി പൂർത്തീകരണ സമയക്രമം ദീർഘിപ്പിക്കുന്ന കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ, കാലഹരണപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും ഒഴിവാക്കാനുള്ള കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ എന്നിവയാണ്‌ ഗവർണർ ഒപ്പിടാനുള്ളത്‌.  കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ഭേദഗതി ബിൽ നിയമസഭ സെലക്ട്‌ കമ്മിറ്റിക്ക്‌ വിട്ടിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. ബില്ലുകൾ ഒപ്പിടുന്നത്‌‌ അനന്തമായി നീട്ടികൊണ്ടുപോകാൻ ഗവർണർക്കാകില്ലെന്ന് നിയമവിദഗ്ധർ കഴിഞ്ഞദിവസങ്ങളിൽ വ്യക്തമാക്കി. ബില്ലുകൾ ഒപ്പിടാതെ  നീട്ടുന്നതിലൂടെ നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനത്തിനെതിരെ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. ബില്ലുകൾ പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ അധികാരമില്ലെന്നും  ഭരണഘടന പ്രകാരം ബില്ലിന്മേൽ പൊതുവായി ഗവർണർമാർ സ്വീകരിച്ചുവരുന്ന നടപടിയേ ഇവിടെയും എടുക്കാനാകൂവെന്നും  പൊതുഅഭിപ്രായവുമുയർന്നു. ഈ സാഹചര്യത്തിലാണ് അഞ്ച്‌ ബില്ലിൽ ഗവർണർ ഒപ്പുവെച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top