25 April Thursday

സിസയുടെ പേര്‌ നിർദേശിച്ചതാര്‌?; ഗവർണറോട്‌ ഹൈക്കോടതിയുടെ ചോദ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കൊച്ചി > സാങ്കേതിക സർവകലാശാല (കെടിയു)യുടെ താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ ചാൻസലർ  കൂടിയായ  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ  നിയമിച്ചത്‌ എന്ത്‌ അടിസ്ഥാനത്തിലെന്ന്‌ ഹൈക്കോടതി. സിസ തോമസിന്റെ പേര്‌ നിർദേശിച്ചതാരെന്നും എങ്ങനെയാണ്‌ കണ്ടെത്തിയതെന്നും ചാൻസലറുടെ അഭിഭാഷകനോട്‌ ആരാഞ്ഞു.

സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിനെ ചാൻസലർ നിയമിച്ചതിനെതിരെ സർക്കാരിന്റെ ഹർജി പരിഗണിച്ചപ്പോഴാണ്‌ കോടതിയുടെ വാക്കാൽ പരാമർശം. ഹർജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. സുപ്രീംകോടതി ഉത്തരവിലൂടെ കെടിയു വിസിയുടെ നിയമനം റദ്ദായ സാഹചര്യത്തിൽ മറ്റ്‌ വിസിമാർക്ക്‌ താൽകാലിക ചുമതല കൈമാറാത്തതെന്താണ്‌? എന്തുകൊണ്ടാണ്‌ പ്രോ വിസിക്ക്‌ ചുമതല കൈമാറാതിരുന്നത്‌.

ഇക്കാര്യത്തിൽ ചാൻസലർക്ക്‌ അധിക സത്യവാങ്‌മൂലം നൽകാമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കൂടിയാലോചനകളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ്‌ ചാൻസലർ നിയമനം നടത്തിയതെന്ന്‌ സർക്കാർ വ്യക്തമാക്കി.
ഡോ. എം എസ് രാജശ്രീ പുറത്തായതോടെ പകരം ചുമതല ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥിന് നൽകണമെന്ന്‌ ശുപാർശ നൽകിയെങ്കിലും തടസ്സമുണ്ടെന്നായിരുന്നു മറുപടി. തുടർന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകണമെന്ന്‌ സർക്കാർ നിർദേശിച്ചു.

എന്നാൽ പ്രതികരിക്കാതെ സിസ തോമസിന് ചുമതല കൈമാറി. പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കണമെന്ന സർക്കാർ ശുപാർശയിൽ പ്രതികരിച്ചില്ലെന്ന്‌ ചാൻസലറുടെ അഭിഭാഷകനും സമ്മതിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി എജി കെ ഗോപാലകൃഷ്‌ണ കുറുപ്പ് ഹാജരായി.

സിസയ്ക്ക് യോഗ്യതയില്ല

യുജിസി മാനദണ്ഡമനുസരിച്ച്‌ വിസിയായി നിയമിക്കാനാവശ്യമായ യോഗ്യത സിസയ്‌ക്ക് ഇല്ല. വെറ്ററിനറി, നുവാൽസ് സർവകലാശാല വിസിമാർക്കോ പിവിസിമാർക്കോ ചുമതല നൽകാമായിരുന്നു. വിസി നിയമനം റദ്ദാക്കിയെങ്കിലും പിവിസിക്ക് തുടരാനാകുമെന്നും സർക്കാർ പറഞ്ഞു. ഒരുദിവസത്തേക്കായാലും അഞ്ചുവർഷത്തേക്കായാലും വിസിയായി നിയമിക്കുന്നയാൾക്ക് മതിയായ യോഗ്യത അനിവാര്യമാണെന്ന്‌ കോടതി അറിയിച്ചു. സർവകലാശാലയുടെ കാര്യത്തിൽ വിദ്യാർഥികളെ മറന്ന്‌ തീരുമാനമെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top