24 April Wednesday

കൊടുവള്ളിയിൽ ചരക്കുലോറി റെയിൽപാളത്തിൽ കുടുങ്ങി; രണ്ടര മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

സ്വന്തം ലേഖകൻUpdated: Tuesday May 10, 2022

തലശേരിക്കടുത്ത കൊടുവള്ളിയിൽ റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ചരക്കുലോറി ക്രെയിൻ ഉപയോഗിച്ച്‌ നീക്കുന്നു

തലശേരി> തലശേരിക്കടുത്ത കൊടുവള്ളി റെയിൽവേ ഗേറ്റിൽ ചരക്കുലോറി പാളത്തിൽ കുടുങ്ങി രണ്ടര മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നാല്‌ യാത്രാവണ്ടികളും ചരക്കുവണ്ടിയും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. കണ്ണൂർ– കോഴിക്കോട്‌ പാതയിൽ ചൊവ്വ പകൽ 12.35 നാണ്‌ സംഭവം. ക്രെയിൻ ഉപയോഗിച്ച്‌ ലോറി ട്രാക്കിൽനിന്ന്‌ മാറ്റിയശേഷം 3.05നാണ്‌ ട്രെയിൻ സർവീസ്‌ പുനരാരംഭിച്ചത്‌.

കൊൽക്കത്തയിൽനിന്ന്‌ ജിയോ ടവറിന്റെ സ്‌റ്റീൽ സാമഗ്രികളുമായ ഇരിക്കൂറിലേക്ക്‌ പോകുന്ന ചരക്കുലോറിയാണ്‌ ട്രാക്കിൽ കുടുങ്ങിയത്‌. കൊടുവള്ളി റെയിൽവേ ഗേറ്റ്‌ കടന്ന്‌ ഇല്ലിക്കുന്ന്‌ കയറ്റത്തിൽ നിയന്ത്രണം വിട്ട്‌ പിന്നോട്ട്‌ ഇറങ്ങുകയായിരുന്നു. റെയിൽവേ ഗേറ്റിന്റെ തൂൺ തകർത്തശേഷം പാളത്തിൽനിന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറിക്കുള്ളിൽപെടാതെ സ്‌കൂട്ടർ, കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മംഗളൂരു- കോയമ്പത്തൂർ എക്‌സ്‌പ്രസ്‌ കൊടുവള്ളി ഗേറ്റിനുസമീപവും മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ എടക്കാടും നാഗർകോവിൽ– മംഗളൂരു ഏറനാട്‌ എക്‌സ്‌പ്രസ്‌ തലശേരിയിലും കണ്ണൂർ– എറണാകുളം ഇന്റർസിറ്റി കണ്ണൂരും ചരക്കുട്രെയിൻ പഴയങ്ങാടി സ്‌റ്റേഷനിലും നിർത്തിയിട്ടു. മംഗളൂരു- കോയമ്പത്തൂർ എക്‌സ്‌പ്രസ്‌ കൊടുവള്ളി എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ അപകടം. റെയിൽവേ ഗേറ്റിന്റെ തൂൺ തകർന്ന്‌ സിഗ്നൽ കട്ടായതിനാൽ കൊടുവള്ളി ഗേറ്റിൽനിന്ന്‌ നൂറുമീറ്റർ മാറി ട്രെയിൻ നിർത്തി. തലശേരി സ്‌റ്റേഷനിൽ സ്‌റ്റോപ്പുള്ളതിനാൽ ട്രെയിൻ വേഗംകുറച്ചിരുന്നു. തൃശൂർ പൂരത്തിന്‌ പോകുന്നവരായിരുന്നു യാത്രക്കാരിൽ ഏറെയും.  

അപകടമുണ്ടായ ഉടൻ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ആർപിഎഫും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രണ്ടര മണിക്കൂർ പരിശ്രമിച്ചാണ്‌ ക്രെയിൻ ഉപയോഗിച്ച്‌ ലോറി വലിച്ചുമാറ്റിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top