27 April Saturday

ഗുരുവായൂരിൽ 371പവന്‍ സ്വര്‍ണം മോഷ്‌ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

ഗുരുവായൂർ> ഗുരുവായൂരിൽ സ്വർണവ്യാപാരിയായ പ്രവാസിയുടെ വീട്ടിൽനിന്ന്‌ 371 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും മോഷ്‌ടിച്ചു. സ്വർണത്തിന്‌ ഏകദേശം ഒന്നരക്കോടി രൂപ വില വരും. അജ്‌മാനിലെ സ്വർണവ്യാപാരി ഗുരുവായൂർ തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിലാണ് മോഷണം. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വർണക്കട്ടി,  120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വർണക്കട്ടി,  40 പവൻ വരുന്ന സ്വർണ ആഭരണം, രണ്ട്‌ ലക്ഷം രൂപ എന്നിവയാണ്‌ നഷ്ടപ്പെട്ടത്‌.

മോഷ്ടാവിന്റെ ദൃശ്യം വീട്ടിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7.40നും 8.40നും ഇടയിലാണ് മോഷണം.
 രാത്രി 9.30ന് വീട്ടുകാർ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോൾ മുകൾനിലയിൽ  വാതിൽ തുറന്നുകിടക്കുന്നത് കണ്ടു. പരിശോധനയിൽ മോഷണം നടന്നതായി മനസ്സിലായി.

കിടപ്പുമുറിയിൽ കയറി അലമാര കുത്തിത്തുറന്നായിരുന്നു മോഷണം.  മറ്റു മുറികൾ തുറന്നിട്ടില്ല. ഗുരുവായൂർ എസിപി കെ ജി സുരേഷ്, തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി കെ സുമേഷ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രത്യക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി എസിപി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top