കൊച്ചി > സ്വർണക്കടത്ത് കേസിൽ അന്തർദേശീയ ഭീകരബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്‌റ്റർ ചെയ്‌ത കേസിൽ പത്ത് പ്രതികൾക്ക് ജാമ്യം. യുഎപിഎ ചുമത്തിയ കേസിൽ ഇതാദ്യമാണ് പ്രതികൾക്ക് ജാമ്യം.
തൊണ്ണൂറ് ദിവസം അന്വേഷിച്ചിട്ടും ഇവർക്ക് ഭീകരബന്ധം ഉണ്ടെന്ന് തെളിയിക്കാൻ എൻഐഎക്ക് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത് നടത്തിയതിൽ സാമ്പത്തിക ബന്ധമുള്ളവരാണ് ഈ പത്തുപേർ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കസ്‌റ്റംസ് കേസിലും ജാമ്യം കിട്ടിയിരുന്നു. വിയ്യൂർ ജയിലിൽ കഴിഞ്ഞ പത്തു പ്രതികളും പുറത്തിറങ്ങി.ഇവരുടെപേരിൽ എൻഫോഴ്‌സ്‌മെന്റ് കേസില്ല.
ഇ സെയ്‌തലവി, പി ടി അബ്‌ദു, ഹംജത് അലി, പി എം അബ്‌ദുൾ ഹമീദ്, സി വി ജിഫ്‌സൽ, മുസ്‌തഫ, മുഹമ്മദ് അബ്‌ദു ഷമീം, അബ്‌ദുൾ അസീസ്, അബൂബക്കർ, ടി എം മുഹമ്മദ് അക്‌ബർ എന്നിവർക്കാണ് ജാമ്യം. പി മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദീൻ എന്നിവരുടെ ജാമ്യാപേക്ഷ നിരസിച്ചു. പി എസ് സരിത്തും സ്വപ്‌ന സുരേഷും ജാമ്യാപേക്ഷ നൽകിയെങ്കിലും കോഫെപോസ കേസിൽ പ്രതിയായതിനാൽ പിൻവലിച്ചു.
3 തവണയും തെളിവ് ചോദിച്ച് കോടതി യുഎപിഎ ചുമത്തിയ കുറ്റം സ്ഥാപിക്കാനുള്ള തെളിവുകൾ എവിടെ എന്ന് ജാമ്യാപേക്ഷ പരിഗണിച്ച് മൂന്നുതവണ കോടതി ചോദിച്ചിരുന്നു. അതിനു ശേഷമാണ് കള്ളക്കടത്തുകാരൻ ദാവൂദ് ഇബ്രാഹിമുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എൻഐഎ പറഞ്ഞത്. കേസിൽ ആകെ 30 പ്രതികളാണുള്ളത്. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരുൾപ്പെടെ ആറുപേർ ഇപ്പോഴും വിദേശത്താണ്. അവരെ ഇവിടെയെത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..