25 April Thursday

സ്വർണക്കടത്ത്‌: കോഴിക്കോട്ട്‌ ഒരാൾകൂടി അറസ്‌റ്റിൽ; ഇന്ന്‌ അറസ്‌റ്റിലായത്‌ 3 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020


കോഴിക്കോട്‌> തിരുവനന്തപുരം സ്വർണ കള്ള‌ക്കടത്തുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ എരഞ്ഞിക്കൽ സ്വദേശി കസ്‌റ്റംസ്‌ പിടിയിൽ. താഴെ മനേടത്ത്‌ സംജു(39)വിനെയാണ്‌‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  കള്ളക്കടത്ത്‌ സ്വർണം ജ്വല്ലറികൾക്ക്‌ എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ്‌ അറസ്‌റ്റ്‌. കൊച്ചി കമീഷണറേറ്റിൽനിന്നുള്ള നിർദേശത്തെത്തുടർന്ന് കോഴിക്കോട്‌ കസ്‌റ്റംസ്‌ പ്രിവന്റീവ്‌ ഡിവിഷൻ സ്‌ക്വാഡാണ്‌ സംജുവിനെ പിടികൂടിയത്‌.

കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്ഥാനത്തെത്തിച്ച്‌ ഇയാളെ ചോദ്യം ചെയ്യുകയാണ്‌. എരഞ്ഞിക്കലിലെ മിയാമി കൺവൻഷൻ സെന്റർ പാർട്‌ണറാണ്‌ സംജുവെന്ന്‌ കസ്‌റ്റംസ്‌ അധികൃതർ പറഞ്ഞു. സംജുവിന്റെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ നേരത്തെ ഡിആർഐ പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്തുകേസ്‌ പ്രതി സന്ദീപ്‌ നായരെ ചോദ്യം ചെയ്‌തതിൽനിന്ന്‌ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ ചില ജ്വല്ലറികളിലും കസ്‌റ്റംസ്‌ പരിശോധനയുണ്ടായി.

 കേസിൽ 2 പേരെകൂടിഇന്ന്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.സ്വർണക്കടത്ത്‌ കേസിൽ പ്രതിയായ  റമീസിന്റെ കൂട്ടാളികളായ മഞ്ചേരി എസ് എസ് ജ്വല്ലറി ഉടമ തൃക്കലങ്ങോട് തറമണ്ണിൽ വീട്ടിൽ ടി എം മുഹമ്മദ് അൻവർ(43),  വേങ്ങര സ്വദേശികളായ പറമ്പിൽപ്പടി എടക്കണ്ടൻ വീട്ടിൽ സൈതലവി (ബാവ -58), എന്നിവരാണ്‌ അറസ്‌റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top